തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT)-നെതിരെ അന്വേഷണത്തിന് CUSAT ഉത്തരവിട്ടു. മൂന്ന് അംഗ സമിതിയെയാണ് സർവകലാശാല അന്വേഷണത്തിനായി നിയോഗിച്ചത്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ GIFTലെ PhD പ്രവേശനം നിർത്തിവയ്‌ക്കാനും CUSAT നിർദേശം നൽകി. CUSATയുമായി അഫിലിയേറ്റ് ചെയ്താണ് GIFT PhD പ്രോഗ്രാം നടത്തുന്നത്.
UGC മാനദണ്ഡങ്ങൾ ലംഘിച്ച് അധ്യാപക നിയമനം നടത്തിയെന്നും, ബിരുദ-ബിരുദാനന്തര പഠന സൗകര്യങ്ങളില്ലാത്ത സ്ഥാപനത്തിൽ PhD പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചെന്നുമാണ് പരാതിയിലെ ആരോപണം.
ഒരു അധ്യാപന മണിക്കൂർ പോലും ഇല്ലാത്ത സ്ഥാപനത്തിൽ 13 അധ്യാപകരെ നിയമിച്ച് യുജിസി ശമ്പള സ്കെയിലിൽ വേതനം നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകൾ C&AG കണ്ടെത്തിയതായും പരാതിക്കാർ ആരോപിക്കുന്നു.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. GIFTലെ ക്രമക്കേടുകൾ സംബന്ധിച്ച വാർത്തകൾ നേരത്തെ ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു.















