മുംബൈ: ബോറിവ്‌ലിയിലെ ഹോട്ടലില്‍ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ബോറിവ്‌ലി ഗൊരെയ് സ്വദേശിയായ മാന്‍സി അമിത് ആചാര്യ (36) ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയാണ് മാന്‍സിയെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 24-നാണ് മാന്‍സി രണ്ട് പുരുഷന്മാര്‍ക്കും ഒരു കുട്ടിക്കുമൊപ്പം ബോറിവ്‌ലിയിലെ രാധാകൃഷ്ണ ഹോട്ടലിലെത്തിയത്. മൈസൂരു മസാല ദോശയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ദോശയ്‌ക്കുള്ളില്‍ ചെറിയ ചത്ത എലിയെ കണ്ടെത്തിയെന്നായിരുന്നു മാന്‍സിയുടെ ആരോപണം.
ദോശ കഴിച്ചുതുടങ്ങിയ ശേഷമാണ് സഹോദരന്‍ ദോശയ്‌ക്കുള്ളില്‍ എലിയെ കണ്ടതെന്നും തുടര്‍ന്ന് ഇയാള്‍ ഛര്‍ദിച്ചെന്നും മാന്‍സി പൊലീസിനോട് പറഞ്ഞിരുന്നു. പിന്നാലെ ബോറിവ്‌ലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.
തുടര്‍ന്ന് സെപ്റ്റംബര്‍ 28-ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഹോട്ടലിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ ഹോട്ടല്‍ ഉടമയ്‌ക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ എത്താന്‍ തുടങ്ങി. സംഭവത്തിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കേസ് അവസാനിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തുടര്‍ന്ന് ആറ് ലക്ഷം രൂപയ്‌ക്ക് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന ധാരണയിലെത്തി. ഇതില്‍ ഒരു ലക്ഷം രൂപ ഇതിനകം നല്‍കിയതായും ഹോട്ടല്‍ ഉടമ പൊലീസിനോട് പറഞ്ഞു. പണം നല്‍കിയതിന് പിന്നാലെ സെപ്റ്റംബര്‍ 29-ന് ഹോട്ടല്‍ ഉടമ ബോറിവ്‌ലി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. ബാക്കി തുക വാങ്ങുന്നതിനായി യുവതിയെ വിളിച്ചുവരുത്തി. പണം വാങ്ങാനെത്തിയ മാന്‍സിയെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ പങ്കും അന്വേഷിച്ചുവരികയാണ്.















