പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി പൊലീസ്. മരണത്തിന്റെ സാഹചര്യങ്ങളും കൃത്യമായ കാരണവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നായിക്കിനാണ് അന്വേഷണച്ചുമതല. ഗോവയിലെ ഡോണ പോളയിലുള്ള ഓഷ്യന്‍ പാര്‍ക്ക് വസതിയില്‍നിന്ന് മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ നാനാ പടേക്കര്‍ മരിച്ചിരുന്നുവെന്നാണ് പൊലീസ് രേഖകളിലുള്ളത്. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമായാല്‍ കേസ് അവസാനിപ്പിക്കാനാണ് സാധ്യത. സംശയകരമായ സാഹചര്യങ്ങളോ മറ്റ് അപാകതകളോ കണ്ടെത്തിയാല്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗോവയിലെ വസതിയില്‍ നാനാ പടേക്കര്‍ക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏകദേശം 45 മിനിറ്റോളം സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും തുടര്‍ന്നുള്ള നിയമനടപടികളുടെ ഭാഗമായി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖര്‍ സാല്‍ക്കര്‍ പറഞ്ഞു. നാനാ പടേക്കര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നെന്നും അതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാനാ പടേക്കറുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് രാത്രി വൈകി പൂനെ ജില്ലയിലെ ഡോണ്‍ജെയിലുള്ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. മരണത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തത് മാത്രം മരണത്തില്‍ കുറ്റകൃത്യം നടന്നുവെന്നതിന് തെളിവല്ല; അന്വേഷണത്തിലൂടെയും ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളിലൂടെയും മാത്രമേ മരണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂ.















