പാലക്കാട്: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശിയും കള്ളന്മാരുടെ വീട് എന്ന ചിത്രത്തിന്റെ സംവിധായകനുമായ കാജാ ഹുസൈനാണ് പിടിയിലായത്.
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ 80,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ഭാഗത്തുവെച്ച് ട്രെയിനിൽനിന്ന് നാല് ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിലും കാജാ ഹുസൈന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2024ൽ തട്ടിപ്പ് കേസിലും കാജാ ഹുസൈൻ അറസ്റ്റിലായിരുന്നു. സിനിമയിൽ പ്രധാന വേഷം നൽകാമെന്നും നിർമാണത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് ഇറച്ചി വ്യാപാരിയിൽനിന്ന് 67.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫായിരുന്നു പരാതിക്കാരൻ.















