കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രാജിവെക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്ഐആർ വിഷയത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സ്വീകരിച്ച നിലപാടും പിണറായി വിജയനെതിരായ ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണദാസിന്റെ വിമർശനം. കോട്ടയം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.ഡി. സതീശൻ രാജിവെക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ചുമതലയേറ്റശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കണമെന്നാണ് ഖർഗെ ആവശ്യപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിലപാട് സതീശൻ അംഗീകരിക്കണമെന്നും പറഞ്ഞു.
എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കണം. അല്ലെങ്കിൽ എസ്ഐആർ ശരിയാണെന്ന് വ്യക്തമാക്കാൻ തയ്യാറാകണം. കോൺഗ്രസ് വിജയിച്ചിടത്ത് എസ്ഐആർ അംഗീകരിക്കുകയും പരാജയപ്പെട്ടിടത്ത് അതിനെ എതിർക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയനെതിരായ ആരോപണങ്ങളും ഉയർത്തിയായിരുന്നു കൃഷ്ണദാസിന്റെ വിമർശനം. മുഖ്യമന്ത്രിയായിരുന്ന കാലത്തെ കൈക്കൂലി, ഹവാലാ കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ പിണറായി വിജയത്തിന് ധാർമിക അവകാശമില്ലെന്ന് ആരോപിച്ചു. പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
എസ്ഐആർ വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് സമരം ചെയ്യുന്നത് ഇരുപാർട്ടികളും തമ്മിലുള്ള രാഷ്‌ട്രീയ ധാരണയുടെ തെളിവാണ്. കോൺഗ്രസുമായി ചേർന്ന് സമരം ചെയ്തതുകൊണ്ട് പിണറായി വിജയന് ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാനാകില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുന്നത് രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ അപൂർവമാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.















