ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് ലോക്‌സഭാ എം.പി അംഗോംച ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. ജെ.എൻ.യു ചീഫ് സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 11നാണ് വസന്ത് കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ജെ.എൻ.യുവിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പഠിക്കുന്ന 11 വനിതാ വിദ്യാർഥികളാണ് അകോയ്ജമിനെതിരെ സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയത്. തനിക്ക് വഴങ്ങിയില്ലെങ്കിൽ തോൽപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ആഭ്യന്തര സമിതി റിപ്പോർട്ടിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ ഒക്ടോബർ 9ന് അകോയ്ജമിനെ അധ്യാപക ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. സർവകലാശാലയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ അധ്യാപകനായിരുന്ന അകോയ്ജമ മണിപ്പൂരിലെ ഇൻറർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എം.പിയാണ്.















