തൃശൂർ: ചാലക്കുടിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രണയവിവാഹത്തിന് പിന്നാലെ എമിൽഡയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. എമിൽഡയുടെ സ്വത്തിൽ കണ്ണുവെച്ചും സ്ത്രീധനത്തിന്റെ പേരിലും അഫ്സൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന ആരോപണമുണ്ട്. സ്വന്തം വീട്ടിൽനിന്ന് പണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഫ്സൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു.
ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന എമിൽഡ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ ഏകമകളായ എമിൽഡ മികച്ച രീതിയിലാണ് പഠനം പൂർത്തിയാക്കിയത്. സ്‌കൂൾ പഠനകാലത്താണ് അഫ്സലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. ഇതരമതസ്ഥനായ അഫ്സലുമായുള്ള വിവാഹത്തിന് കുടുംബം സമ്മതം നൽകിയില്ല. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച എമിൽഡ ഒടുവിൽ അഫ്സലിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.
ഇതോടെ ഇരുകുടുംബങ്ങളുടെയും പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ട അവസ്ഥയിലായി എമിൽഡ . പിന്നീട് ജീവിതച്ചെലവുകൾ കണ്ടെത്താൻ നിർമാണമേഖലയിലുൾപ്പെടെ കൂലിപ്പണി ചെയ്യേണ്ടിവന്നു. പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും കുടുംബം സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
വിവാഹജീവിതത്തിലെ പ്രശ്നങ്ങളും തുടർന്നുണ്ടായ മാനസിക സമ്മർദവും എമിൽഡയെ തളർത്തിയിരുന്നു എന്ന് പറയപ്പെടുന്നു. സുഹൃത്തിന് വാട്സാപ്പ് സന്ദേശം അയച്ചതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒരു വയസുള്ള കുഞ്ഞിന്റെ മുന്നിൽവെച്ച് ഭർതൃഗൃഹത്തിലെ മുറിയിലായിരുന്നു സംഭവം. ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
മകളുടെ മരണത്തിൽ എമിൽഡയുടെ കുടുംബം ഇതുവരെ പൊലീസിൽ പരാതി നൽകാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. പരിയാരം സ്വദേശിനിയാണ് എമിൽഡ. പോട്ട സ്വദേശിയാണ് അഫ്സൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.















