പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്‌ക്ക് സമീപം സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരി മരിച്ചു. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന ആസിഫ്, സുമയ്യ, മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.
ലക്കിടി പെട്രോൾ പമ്പിന് സമീപം രാവിലെ 9.45ഓടെയായിരുന്നു അപകടം. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ടതായാണ് പ്രാഥമിക വിവരം. ഇടിച്ചശേഷം ബസ് സ്കൂട്ടറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചു. ഫിയ ഫാത്തിമയ്‌ക്ക് അപകടസ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടമായി.
ഗുരുതരമായി പരിക്കേറ്റ നാലുപേരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















