കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്‌ക്കു പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് തങ്കമണിയുടെ ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് തങ്കമണി ശസ്ത്രക്രിയയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. എട്ടിന് ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയ നടത്തി. തൊട്ടടുത്ത ദിവസം ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ അന്നുവൈകീട്ടോടെ തങ്കമണിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വയറിളക്കം രൂക്ഷമാകുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആദ്യ ശസ്ത്രക്രിയയ്‌ക്കിടെ അണുബാധയുണ്ടായതായി ഡോക്ടര്‍മാര്‍ സമ്മതിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുടുംബം മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഗൈനക്കോളജി വിഭാഗം മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സംബന്ധിച്ച് വ്യക്തതയുണ്ടാകും.















