തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അതിദാരുണമായ സംഭവം.
വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചു.
വീട് സ്ഥിതി ചെയ്യുന്ന ഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് ഏകദേശം 150 മീറ്റർ ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിലേക്ക് കൊണ്ടുപോകാൻ സഹായിച്ചത്. എന്നാൽ സുരേഷിനെ താങ്ങിയെടുത്ത് ആംബുലൻസിന് സമീപമെത്തിയപ്പോഴേക്കും അജിയും കുഴഞ്ഞുവീഴുകയായിരുന്നു.
ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുവരും മരിച്ചത്.
നഗരത്തിലെ ഒരു ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















