മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് താഴെ വീണ് മരിച്ചു. അയൽവാസിയായ 10 വയസ്സുകാരി കുഞ്ഞിനെ താഴേക്ക് എറിഞ്ഞതാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഗോരേഗാവിലെ ശിവഷാഹി അപ്പാർട്ട്മെന്റിൽ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി കുഞ്ഞിനെ താഴേക്ക് എറിഞ്ഞശേഷം ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതായി കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ദിൻദോഷി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
വളർത്തുപൂച്ചയെച്ചൊല്ലി തർക്കമുണ്ടായിരുന്നെന്ന് ആരോപണം
ഒക്ടോബർ ഒന്നിനാണ് കുഞ്ഞിന്റെ കുടുംബം ശിവഷാഹി അപ്പാർട്ട്മെന്റിൽ താമസത്തിനെത്തിയത്. വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നതായി കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞതായി ആരോപിക്കപ്പെടുന്ന പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ചില റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ പ്രധാന തെളിവായി പരിശോധിക്കുകയാണ് പൊലീസ്. തെളിവുകൾ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ ദിൻദോഷി പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തതിനു പുറമേ അമ്മയെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, കുടുംബങ്ങൾ തമ്മിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന തർക്കം എന്നിവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.















