ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെയാണ് വിവാദത്തിനിടയാക്കിയ പരാമർശമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഒക്ടോബർ 19നാണ് പുറത്തുവന്നത്. പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാമർശത്തിനെതിരെ രംഗത്തെത്തി. വിവാദം ശക്തമായതിനു പിന്നാലെ രാത്രിയോടെയാണ് പോലീസ് കേസെടുത്തത്.
കനിമൊഴിയുടെ ഇടപെടൽ ദൃശ്യങ്ങളും പുറത്ത്
പരിപാടിയിൽ പങ്കെടുത്ത ഡിഎംകെ എംപി കനിമൊഴി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, സുധ ദീനദയാലന്റെ പരാമർശത്തെ വേദിയിൽവെച്ചുതന്നെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങൾ ഡിഎംകെ പുറത്തുവിട്ടു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങൾ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
വിവാദ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയ ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ വിവാദം കൂടുതൽ ശ്രദ്ധ നേടുകയാണ്.















