ഗുരുവായൂർ: ഭക്തിസാന്ദ്രമായി ഗുരുവായൂർ ഏകാദശി ആഘോഷിച്ച് ഗുരുപവനപുരി. വ്രതശുദ്ധിയോടെയും നാമജപത്തോടെയും ഗുരുവായൂരപ്പന്റെ ദർശനപുണ്യം തേടി ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്. ഏകാദശി വ്രതം അനുഷ്ഠിച്ച് ഉണ്ണിക്കണ്ണനെ തൊഴാനായി ഇന്നലെ വൈകിട്ടുമുതൽ തന്നെ ഭക്തർ ഗുരുവായൂരിലെത്തിത്തുടങ്ങി.
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പുണ്യപ്രാധാന്യമുള്ള ദിനമാണിത്. അർജുനന് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ്ഗീത ഉപദേശിച്ച ദിവസമെന്ന വിശ്വാസത്തിൽ ഏകാദശി ഗീതാദിനമായും ആചരിക്കുന്നു. ഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതും ഏകാദശി ദിനത്തിലാണെന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായും ഏകാദശി ആഘോഷിക്കുന്നു.
ഗുരുവായൂരിന്റെ ചരിത്രത്തിലും ഭക്തജനങ്ങളുടെ മനസിലും പ്രത്യേക സ്ഥാനമുള്ള ഗജരാജൻ ഗുരുവായൂർ കേശവൻ ഭഗവാനിൽ വിലയം പ്രാപിച്ചതും ഏകാദശി നാളിലെ പ്രഭാതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂർ ഏകാദശിക്ക് വിശ്വാസികൾക്കിടയിൽ സവിശേഷമായ സ്ഥാനമുണ്ട്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് പാപമോചനത്തിനും ആത്മീയ പുണ്യത്തിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം.
ദർശനത്തിനും പ്രസാദ ഊട്ടിനും പ്രത്യേക ക്രമീകരണങ്ങൾ
തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കേ ഗോപുരം വഴിയായിരിക്കും ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. ഏകാദശി വിളക്കാഘോഷം ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് നടക്കുക.
രാവിലെ 6.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിക്കും.
വ്രതം അനുഷ്ഠിച്ച് ദർശനത്തിനെത്തുന്ന ഭക്തർക്കായി ഏകാദശി പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതിന് അന്നലക്ഷ്മി ഹാളിലും സമീപത്തെ പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ ഊട്ട് ആരംഭിക്കുക. ഗോതമ്പ് ചോറ്, കാളൻ, ഗോതമ്പ് പായസം എന്നിവയാണ് വിഭവങ്ങൾ. ഉച്ചയ്‌ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള പ്രവേശനം അവസാനിപ്പിക്കും.
ദ്വാദശി പണ സമർപ്പണം; നാളെ ദർശനസമയം കുറയും
ഏകാദശി വ്രതം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർ ദ്വാദശി ദിനത്തിൽ ദ്വാദശി പണം സമർപ്പിക്കുന്നതാണ് ആചാരം. ഇന്ന് അർധരാത്രി 12 മുതൽ നാളെ ക്ഷേത്രനട അടയ്‌ക്കുന്നതുവരെ കൂത്തമ്പലത്തിൽ ഇതിനുള്ള സൗകര്യമുണ്ടാകും.
നാളെ ദ്വാദശി ദിനത്തിൽ രാവിലെ എട്ടുവരെ മാത്രമായിരിക്കും ഭക്തർക്ക് ദർശനം. ദ്വാദശി പണ സമർപ്പണത്തിന് ശേഷം ഒൻപത് മണിയോടെ ക്ഷേത്രനട അടയ്‌ക്കും. തുടർന്ന് പൂജകളും ശീവേലിയും വൈകിട്ട് 3.30ന് ക്ഷേത്രനട വീണ്ടും തുറന്ന ശേഷമായിരിക്കും നടക്കുക.















