പാലക്കാട്: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കൾ ലഹരിമരുന്നുമായി പിടിയിൽ. തൃത്താല പരുതൂർ കൊടിക്കുന്ന് സ്വദേശി മുഹമ്മദ് സുൽഫാൻ (21), പള്ളിപ്പുറം സ്വദേശി മുഹമ്മദ് അനസ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാങ്കല്ല് ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞുവീണു. തുടർന്ന് പോലീസ് സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു. യുവാക്കളിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.















