ചണ്ഡീഗഡ്: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തന്ത്രങ്ങള്‍ രൂപീകരിക്കാനുമായി 19 അംഗ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിക്ക് പാര്‍ട്ടി രൂപം നല്‍കി. കോണ്‍ഗ്രസില്‍ നിന്നും ശിരോമണി അകാലിദളില്‍ നിന്നും ബിജെപിയിലെത്തിയ ഏഴ് പ്രമുഖ നേതാക്കള്‍ക്കും സമിതിയില്‍ ഇടം നല്‍കിയിട്ടുണ്ട്. 16 പ്രധാന അംഗങ്ങളും മൂന്ന് പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. പഞ്ചാബ് ബിജെപി അധ്യക്ഷന്‍ കേവല്‍ സിംഗ് ധില്ലന്‍, മുന്‍ ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, മുന്‍ എംപി സുനില്‍ ജാഖര്‍, മുന്‍ കേന്ദ്രമന്ത്രി പ്രനീത് കൗര്‍, മുന്‍ എംപി രവനീത് സിംഗ് ബിട്ടു, മുന്‍ മന്ത്രി റാണ ഗുര്‍മീത് സിംഗ് സോധി, മുന്‍ അകാലിദള്‍ എംഎല്‍എ മന്‍ജിത് സിംഗ് മന്ന എന്നിവരാണ് മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലെത്തിയ പ്രമുഖര്‍.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ തരുണ്‍ ചുഗ്, അശ്വനി ശര്‍മ, അവിനാഷ് റായ് ഖന്ന, മനോരഞ്ജന്‍ കാലിയ, ശ്വേത് മാലിക്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീനിവാസുലു, വിജയ് സാംപ്ല, ദിനേഷ് ബാബു, ജംഗി ലാല്‍ മഹാജന്‍ എന്നിവരും സമിതിയുടെ ഭാഗമാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രനീത് കൗറിന് സമിതിയില്‍ ഇടം ലഭിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ അനുഭവസമ്പത്തും ബിജെപിയുടെ നിലവിലെ സംഘടനാ നേതൃത്വത്തിന്റെ പ്രവര്‍ത്തനപരിചയവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് പുതിയ സമിതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പഞ്ചാബില്‍ ഇതുവരെ ഒറ്റയ്‌ക്ക് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ശിരോമണി അകാലിദളിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരുകളുടെ ഭാഗമായാണ് പാര്‍ട്ടി ഭരണത്തിലുണ്ടായിരുന്നത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് രണ്ട് സീറ്റുകളിലാണ് വിജയിക്കാനായത്. 6.65 ശതമാനം വോട്ടും പാര്‍ട്ടിക്ക് ലഭിച്ചു. 2027 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.















