തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ സേവാഭാരതിയുടെ പുതിയ സേവാകേന്ദ്രത്തിന്റെ ശിലാസ്ഥാപനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു.
ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാനും ജനം ടിവി എംഡിയുമായ ചെങ്കൽ എസ്. രാജശേഖരൻ നായരുടെ നേതൃത്വത്തിലാണ് സേവാകേന്ദ്രം ഒരുങ്ങുന്നത്. ജനം ടിവി പ്രഭാരി എ. ജയകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീവൻ പറപറമ്പിൽ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ആനന്ദ്, ആർഎസ്എസ് തിരുവനന്തപുരം ജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് സേവാകേന്ദ്രം നിർമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന സംവിധാനവും ഓക്സിജൻ ബാക്കപ്പോടു കൂടിയ ആംബുലൻസ് സൗകര്യവും കേന്ദ്രത്തിലുണ്ടാകും. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജന്മനാട്ടിൽ തന്നെ ഇത്തരമൊരു സേവനകേന്ദ്രം ആരംഭിക്കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് ചെങ്കൽ എസ്. രാജശേഖരൻ നായർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ നാട്ടുകാർക്ക് സഹായമെത്തിക്കുന്നതിനൊപ്പം ആർഎസ്എസ് പ്രചാരകർക്ക് താമസിക്കാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാകും. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കി സേവാകേന്ദ്രം നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.















