കൊല്‍ക്കത്ത: അക്വാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കൃഷിനാശം നേരിട്ട 5.73 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നഷ്ടപരിഹാരത്തുക അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സംസ്ഥാനത്തെ കൃഷിമേഖലയ്‌ക്കുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നടപടി. ദുരന്തത്തില്‍ തകര്‍ന്ന കൃഷിയിടങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് തുടര്‍കൃഷി സാധ്യമാക്കുകയാണ് സഹായപാക്കേജിന്റെ ലക്ഷ്യം.
സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയില്‍നിന്ന് അനുവദിച്ച 205 കോടി രൂപയും വിത്തുകള്‍ക്കായുള്ള സഹായവും ഉള്‍പ്പെടുന്നതാണ് ആകെ 212.3 കോടി രൂപയുടെ പാക്കേജ്. കൃഷിനാശത്തിന്റെ തോത് അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. ജലസേചന സൗകര്യമുള്ള പ്രദേശങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 17,000 രൂപ ലഭിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 8,500 രൂപയും സ്ഥിരവിളകള്‍ നശിച്ചവര്‍ക്ക് 22,500 രൂപയും അനുവദിക്കും. ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞത് 2,000 രൂപ വീതം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രകാരമുള്ള വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇന്‍ഷുറന്‍സ് നടപടികള്‍ എളുപ്പത്തിലാക്കുന്നതിനൊപ്പം കൃഷിനാശം നേരിട്ടവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വെള്ളം കെട്ടിക്കിടന്ന് വിളവെടുത്ത നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിക്കുന്നത് തടയാനും അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ നീളുന്ന പ്രത്യേക ജലനിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി പമ്പ് സെറ്റുകളും തൊഴിലാളികളെയും സൗജന്യമായി ലഭ്യമാക്കും.
കൃഷി പുനരാരംഭിക്കാന്‍ ചെറുപയര്‍, നിലക്കടല, വേനല്‍ക്കാല പച്ചക്കറികള്‍ എന്നിവയുടെ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി അഞ്ച് കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പ്രത്യേക മേഖലകളിലെ കര്‍ഷകര്‍ക്കും അധിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മിഡ്‌നാപൂരിലെ 9,240 വെറ്റില കര്‍ഷകര്‍ക്ക് 2.31 കോടി രൂപ അനുവദിച്ചു. ആലിപ്പഴവര്‍ഷത്തില്‍ കൃഷിനാശം നേരിട്ട മാല്‍ഡയിലെ 19,000 കര്‍ഷകര്‍ക്ക് 8.12 കോടി രൂപയുടെ സഹായവും ലഭ്യമാക്കും. അക്വാന്‍ ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂര്‍ തീരത്തിന് സമീപം കരതൊട്ടതിനു പിന്നാലെയാണ് തെക്കന്‍ ബംഗാളിലെ ഒമ്പത് ജില്ലകളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ശക്തമായ മഴ പെയ്തത്. ഇതോടെ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി.
പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 700 കോടി രൂപയുടെ വിളനാശമാണ് സംഭവിച്ചത്. ഇതില്‍ 576 കോടി രൂപയുടെ നഷ്ടം നെല്‍ക്കൃഷിക്ക് മാത്രമാണ്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. വിശദമായ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം യഥാര്‍ത്ഥ നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നാശനഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്താന്‍ കൃഷിവകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.















