ഫുട്ബോള്‍ ലോകത്തെ നിര്‍ണായകമായ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരച്ചിത്രം തെളിയുന്നു. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വെല്ലുവിളിയുമായി രണ്ട് സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തെത്തിയതോടെ ഇത്തവണ മത്സരം ത്രികോണമായിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 18ന് മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയും ജപ്പാന് ഫുട്ബോള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് കോസോ താഷിമയുമാണ് ഇന്‍ഫാന്റിനോയ്ക്കെതിരെ മത്സരരംഗത്തുള്ളത്. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയുടെ പിന്തുണ ഡിയാലോയ്ക്കാണെന്നതും തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാണ്.
211 ദേശീയ ഫുട്ബോള്‍ അസോസിയേഷനുകളാണ് ഫിഫയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ അംഗ അസോസിയേഷനും ഓരോ വോട്ട് വീതമാണ് ലഭിക്കുക. അതിനാല്‍ വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ഭരണാധികാരികളുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്താനും തങ്ങളുടെ കാഴ്ചപ്പാടുകളും പരിഷ്കരണ നിര്‍ദേശങ്ങളും അവതരിപ്പിച്ച് വോട്ടുകള്‍ ഉറപ്പാക്കാനുമാണ് സ്ഥാനാര്‍ഥികളുടെ നീക്കം. ഫിഫ കോണ്‍ഗ്രസില്‍ നടക്കുന്ന രഹസ്യ ബാലറ്റിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ആദ്യ റൗണ്ടില്‍ വിജയിക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ പിന്തുണ ആര്‍ക്കും നേടാനായില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി പുറത്താകും. തുടര്‍ന്ന് രണ്ട് പേര് മാത്രം ശേഷിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. അവസാന ഘട്ടത്തില്‍ കേവല ഭൂരിപക്ഷം നേടുന്നയാളായിരിക്കും ഫിഫയുടെ പുതിയ പ്രസിഡന്റ്. രണ്ട് എതിരാളികള്‍ കൂടി മത്സരരംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയും കായികമനോഭാവവും കൈവിടരുതെന്ന് നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടു. മത്സരം ശക്തമാകുന്നതിനിടെ ഫിഫയുടെ തലപ്പത്ത് വീണ്ടും എത്താനുള്ള ഇന്‍ഫാന്റിനോയുടെ നീക്കത്തിന് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിര്‍ണായകമാകും.















