ചെന്നൈ: തിരുപ്പറകുണ്ഡ്രം കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് കമ്മീഷണറാണ് കോടതിയെ സമീപിച്ചത്. കാർത്തിക ദീപോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാരിന്റെ നീക്കം.
തിരുപ്പറകുണ്ഡ്രം ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ഈ വർഷത്തേക്ക് മാത്രം അനുമതി നൽകിക്കൊണ്ട് നവംബർ 20-നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതി വിധിയിലെ പ്രസക്തമായ കണ്ടെത്തലുകൾ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. അതേസമയം, ഈ വർഷം മാത്രം ചടങ്ങ് നടത്താൻ നൽകിയ അനുമതി ഏതെങ്കിലും തരത്തിലുള്ള ആചാരപരമായ അവകാശമോ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമോ സ്ഥാപിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നിശ്ചിത ദിവസം നടത്തേണ്ട ചടങ്ങിന് അനുമതി നിഷേധിക്കപ്പെട്ടാൽ പിന്നീട് അനുകൂല വിധിയുണ്ടായാലും നഷ്ടപ്പെട്ട അവസരം തിരിച്ചുനൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഭക്തരുടെ വികാരങ്ങൾ കൂടി പരിഗണിച്ചാണ് ഈ വർഷത്തേക്ക് ചടങ്ങ് നടത്താൻ അനുമതി നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ തമിഴ്‌നാട് സർക്കാർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. കാർത്തിക ദീപോത്സവം അടുത്തിരിക്കെ സമർപ്പിച്ച റിവ്യൂ ഹർജി വിഷയത്തിൽ വീണ്ടും നിയമപോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സുപ്രീം കോടതി അനുമതി നൽകിയിട്ടും ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വീണ്ടും നിയമനടപടി സ്വീകരിച്ചതിനെതിരെ ഹിന്ദു വിശ്വാസികൾക്കിടയിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. റിവ്യൂ ഹർജിയിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകമാകുക.















