മലപ്പുറം: പത്തുവയസുകാരിയെ 70-കാരൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ 46-കാരനും അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. പകർത്തിയ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ (70) കളിപ്പാട്ടങ്ങൾ കാട്ടി പ്രലോഭിപ്പിച്ചാണ് പത്തുവയസുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിജയകുമാർ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് അയൽവാസിയായ നൗഫൽ കണ്ടിരുന്നു. തുടർന്ന് ഇയാൾ ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഫോണിൽ സൂക്ഷിക്കുകയും ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ രഹസ്യമായി പകർത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.















