കൊല്ലം: കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പട്ടാഴി പന്തപ്ലാവിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു. മകൾ നോക്കിനിൽക്കെയായിരുന്നു ക്രിസ്റ്റിക്കെതിരായ ആക്രമണം.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ബിനുവും ക്രിസ്റ്റിയും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നു. ഭാര്യയെ സംശയത്തിന്റെ പേരിൽ ബിനു ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്ന് ക്രിസ്റ്റി കുന്നിക്കോട് പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാനായി ശനിയാഴ്ച ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
എന്നാൽ ഒത്തുതീർപ്പ് ശ്രമം ഫലം കണ്ടില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച വൈകിട്ട് മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ ഭർതൃവീട്ടിലെത്തിയത് തുണികൾ എടുക്കാനായിരുന്നു. ഇതിനിടെ ബിനുവുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ ആക്രമിക്കുകയായിരുന്നു.
നെഞ്ചിലും തലയിലും കഴുത്തിലും വെട്ടേറ്റ ക്രിസ്റ്റി രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മയ്ക്കു നേരെയുള്ള ആക്രമണം കണ്ട മകൾ നിലവിളിച്ച് പുറത്തേക്ക് ഓടി. തുടർന്ന് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാർ വീട്ടിലെത്തിയപ്പോഴേക്കും ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെയും കുന്നിക്കോട് എസ്.എച്ച്.ഒ ശരത്തിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.















