ജനീവ: ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് നാളെ കളത്തിലിറങ്ങും. ഉസ്‌ബെക്കിസ്ഥാന്‍ താരം ജാവോഖിര്‍ സിന്ദറോവാണ് എതിരാളി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന പോരാട്ടത്തില്‍ ചതുരംഗ ലോകത്തിന്റെ പുതിയ രാജാവിനെ കണ്ടെത്താനാകുമോ, അതോ നിലവിലെ ചാമ്പ്യനായ ഗുകേഷ് തന്നെ കിരീടത്തില്‍ തുടരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജനീവയിലെ കൊളോനിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിന്‍ ബോഡ്മര്‍ ഫൗണ്ടേഷന്‍ മ്യൂസിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാകുന്നത്. ഒന്നരലക്ഷത്തിലേറെ അമൂല്യ രേഖകളുടെ ശേഖരമുള്ള ലൈബ്രറിയും ഇവിടെയുണ്ട്. ഇരുപത് വയസുകാരായ രണ്ട് യുവതാരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പിനുണ്ട്.
2024ല്‍ സിംഗപ്പൂരില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറെനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചരിത്രം കുറിച്ചത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്ത്യന്‍ താരത്തിന് സ്വന്തമായി. എന്നാല്‍ കിരീടം നേടിയതിന് ശേഷമുള്ള മത്സരങ്ങളില്‍ ഗുകേഷിന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മറുവശത്ത് മികച്ച ഫോമിലാണ് സിന്ദറോവ്. റേറ്റിങ് പോയിന്റുകളിലും ഉസ്‌ബെക്കിസ്ഥാന്‍ താരത്തിന് മുന്‍തൂക്കമുണ്ട്. 2782 പോയിന്റുകളുമായി ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് സിന്ദറോവ്. 2710 പോയിന്റുള്ള ഗുകേഷ് 26-ാം സ്ഥാനത്താണ്. റേറ്റിങ്ങിലെ ഈ വ്യത്യാസം കിരീടപ്പോരാട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
14 ക്ലാസിക്കല്‍ ഗെയിമുകളാണ് ലോക കിരീടത്തിനായുള്ള മത്സരത്തിലുള്ളത്. ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്ന താരമായിരിക്കും ചാമ്പ്യന്‍. നിശ്ചിത മത്സരങ്ങള്‍ക്കുശേഷം ഇരുവരും തുല്യനിലയില്‍ തുടരുകയാണെങ്കില്‍ വിജയിയെ കണ്ടെത്താന്‍ കുറഞ്ഞ സമയപരിധിയുള്ള ടൈബ്രേക്കര്‍ മത്സരങ്ങള്‍ നടത്തും. 25 ലക്ഷം യുഎസ് ഡോളറാണ് ആകെ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 23 കോടി വരും. നിലവിലെ ലോക ചാമ്പ്യനായി ഗുകേഷ് തന്റെ സ്ഥാനം നിലനിര്‍ത്തുമോ, അതോ സിന്ദറോവ് പുതിയ അവകാശിയായി മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ചെസ് ലോകം.















