തിരുവണ്ണാമല: കാർത്തിക ദീപോത്സവത്തിന്റെ ഭാഗമായി തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രത്തിന് പിന്നിലുള്ള അണ്ണാമലൈ പർവ്വതത്തിൽ നാളെ മഹാദീപം തെളിയും. വൈകിട്ട് ആറിനാണ് 2,668 അടി ഉയരമുള്ള മലമുകളിൽ മഹാദീപം തെളിയിക്കുക. ദീപദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തർ തിരുവണ്ണാമലയിലേക്ക് ഒഴുകിയെത്തുകയാണ്. ഈ വർഷം 50 ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷ.
പഞ്ചഭൂതസ്ഥലങ്ങളിൽ അഗ്നിയുടെ പ്രതീകമായി ആരാധിക്കപ്പെടുന്ന അരുണാചലേശ്വര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് കാർത്തിക ദീപം. പത്തുദിവസം നീളുന്ന ദീപോത്സവത്തിന് കൊടിയേറ്റത്തോടെയാണ് തുടക്കമായത്. ഉത്സവദിവസങ്ങളിൽ രാവിലെയും രാത്രിയും വിവിധ വാഹനങ്ങളിൽ പഞ്ചമൂർത്തികൾ നഗരപ്രദക്ഷിണം നടത്തി ഭക്തർക്ക് ദർശനം നൽകുന്നു.
പുലർച്ചെ ഭരണി ദീപം; വൈകിട്ട് മഹാദീപം
മഹാദീപം തെളിയിക്കുന്നതിനു മുന്നോടിയായി നാളെ പുലർച്ചെ ക്ഷേത്രത്തിലെ സ്വാമി സന്നിധിയിലെ അർത്ഥമണ്ഡപത്തിൽ ഭരണി ദീപം തെളിയിക്കും. പുലർച്ചെ നാലിനാണ് ചടങ്ങ്. തുടർന്ന് പഞ്ചമൂർത്തികൾക്ക് പ്രത്യേക അഭിഷേകവും അലങ്കാരവും ദീപാരാധനയും നടക്കും.
വൈകിട്ട് സ്വാമി സന്നിധിക്ക് മുന്നിലുള്ള ദീപദർശന മണ്ഡപത്തിൽ പഞ്ചമൂർത്തികളെ എഴുന്നള്ളിക്കും. വർഷത്തിൽ ഒരിക്കൽ മാത്രം ദർശനം നൽകുന്ന അർദ്ധനാരീശ്വര മൂർത്തിയും ഈ സമയത്ത് സന്നിധിയിൽനിന്ന് പുറത്തേക്ക് എഴുന്നള്ളും. ഏതാനും മിനിറ്റുകൾ മാത്രമാണ് ഭക്തർക്ക് ഈ ദർശനം ലഭിക്കുക. അർദ്ധനാരീശ്വര ദർശനത്തിനു പിന്നാലെ ക്ഷേത്രത്തിനു മുന്നിലും അതേസമയം മലമുകളിലും മഹാദീപം തെളിയിക്കും. ‘അണ്ണാമലയാർക്ക് അരോഹരാ’ എന്ന ഭക്തിനിർഭരമായ നാമജപത്തോടെയാണ് ഭക്തർ ദീപത്തെ വരവേൽക്കുക.
മലതന്നെ ശിവന്റെ ജ്യോതിരൂപം
ശിവൻ അനന്തമായ അഗ്നിസ്തംഭമായി പ്രത്യക്ഷപ്പെട്ടുവെന്ന പുരാണസങ്കൽപ്പമാണ് തിരുവണ്ണാമലയിലെ മഹാദീപോത്സവത്തിന്റെ അടിസ്ഥാനം. തങ്ങളിൽ ആരാണ് ശ്രേഷ്ഠനെന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും തർക്കത്തിന് അറുതിവരുത്താൻ ശിവൻ അറ്റവും മൂലവും കണ്ടെത്താനാകാത്ത അഗ്നിജ്വാലയായി പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. ആ ജ്യോതിയുടെ ആരംഭവും അവസാനവും കണ്ടെത്താൻ ബ്രഹ്മാവും വിഷ്ണുവും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും പുരാണകഥ പറയുന്നു.
ഈ അനന്തജ്യോതിയുടെ പ്രതീകമായാണ് തിരുവണ്ണാമലയിലെ അരുണാചലമലയെ ശിവനായി ആരാധിക്കുന്നത്. അതിന്റെ സ്മരണയ്‌ക്കായി കാർത്തിക നക്ഷത്രദിനത്തിൽ മലമുകളിൽ മഹാദീപം തെളിയിക്കുന്നു. കിലോമീറ്ററുകൾ അകലെനിന്നുപോലും ദർശിക്കാനാകുന്ന ദീപം ഭക്തർക്ക് ആത്മീയാനുഭവത്തിന്റെ അപൂർവ നിമിഷമാണ്. മഹാദീപദർശനം പാപമോചനത്തിനും ഐശ്വര്യത്തിനും ആത്മീയ ഉണർവിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം.
14 കിലോമീറ്റർ ഗിരിവലം
പൗർണമി ദിനത്തിലും മഹാദീപദിനത്തിലും ലക്ഷക്കണക്കിന് ഭക്തരാണ് അണ്ണാമല ചുറ്റിയുള്ള 14 കിലോമീറ്റർ ഗിരിവലം നടത്തുന്നത്. ഈ വർഷം പൗർണമി ഇന്ന് രാത്രി 11.42ന് ആരംഭിച്ച് നാളെ രാത്രി 8.23ന് അവസാനിക്കും. ഇതോടെ തിങ്കളാഴ്ച വൈകിട്ടുമുതൽ തിരുവണ്ണാമലയിൽ വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഭക്തരുടെ സൗകര്യത്തിനായി പ്രത്യേക ബസ്, ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും താമസസൗകര്യങ്ങളും ഇതിനകം നിറഞ്ഞുകഴിഞ്ഞു. ക്ഷേത്രപരിസരത്തും മാടവീഥികളിലും ഗിരിവല പാതയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മലകയറാൻ അനുമതിയില്ല; സുരക്ഷ ശക്തം
2024ൽ ഫെംഗൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ തിരുവണ്ണാമലയിൽ മണ്ണിടിച്ചിലുണ്ടായി ഏഴുപേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് മഹാദീപം തെളിയിക്കുന്ന മലയിൽ കയറുന്നതിന് ഇത്തവണയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത വനമേഖലയായതിനാൽ അനധികൃത മലകയറ്റം തടയാൻ വനംവകുപ്പ് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തും.
മലയുടെ വിവിധ ഭാഗങ്ങളിലായി 28 ഇടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം നടത്തും. നാല് സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും. 120 വനംവകുപ്പ് ജീവനക്കാരും സന്നദ്ധസംഘടനകളിൽനിന്നുള്ള 250 വളണ്ടിയർമാരും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. തമിഴ്‌നാട് വനനിയമം ലംഘിച്ച് മലകയറുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















