ദോഹ: ആഫ്രിക്കന്‍ ഫുട്ബോളിലെ കിരീടപ്പോരാട്ടത്തിനൊടുവില് സെനഗലിന് നിര്‍ണായക വിജയം. 2025-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ജേതാക്കളായി സെനഗലിനെ പുനഃസ്ഥാപിച്ച് കായിക തര്‍ക്ക പരിഹാര കോടതി. മൊറോക്കോയ്ക്ക് അനുകൂലമായി ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നേരത്തെ പുറപ്പെടുവിച്ച വിവാദ വിധിയാണ് CAS റദ്ദാക്കിയത്. ഇതോടെ ജനുവരിയില്‍ കളിക്കളത്തില്‍ നേടിയ കിരീടം സെനഗലിന് തിരിച്ചുകിട്ടി. മൊറോക്കോ ആതിഥേയത്വം വഹിച്ച ഫൈനലിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ നില്‍ക്കുകയായിരുന്നു. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഫറി ജീന്‍-ജാക്വസ് എന്‍ഡാല മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചത്.
സെനഗല്‍ പ്രതിരോധതാരം എല്‍ ഹദ്ജി മാലിക് ഡിയൂഫിന്റെ വെല്ലുവിളിക്കിടെ മൊറോക്കന്‍ താരം ബ്രാഹിം ഡയസ് വീണതിനെ തുടര്‍ന്നായിരുന്നു VAR പരിശോധനയ്ക്കുശേഷമുള്ള തീരുമാനം. എന്നാല്‍ ഫൗള്‍ പെനാല്‍റ്റി അനുവദിക്കാനുള്ളത്ര ഗൗരവമുള്ളതല്ലെന്ന നിലപാടിലായിരുന്നു സെനഗല്‍ താരങ്ങള്‍. ഇതോടെ ഗ്രൗണ്ടില്‍ പ്രതിഷേധം ശക്തമായി. പരിശീലകന് പേപ് തിയാവ് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നേരത്തേ സെനഗല്‍ നേടിയെന്ന് കരുതിയ ഇസ്മായില സാറിന്റെ ഗോളും റദ്ദാക്കിയിരുന്നു. മൊറോക്കന്‍ താരം അഷ്റഫ് ഹക്കിമിക്കെതിരായ അബ്ദുലായെ സെക്കിന്റെ ഫൗളാണ് ഗോളിന് തിരിച്ചടിയായത്.
ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ 17 മിനിറ്റിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ക്യാപ്റ്റന്‍ സാദിയോ മാനെയുടെ ഇടപെടലാണ് സഹതാരങ്ങളെ വീണ്ടും കളത്തിലിറക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് പെനാല്റ്റിയെടുക്കാനെത്തിയ ബ്രാഹിം ഡയസിന്റെ പനേങ്ക കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി അനായാസം തടുത്തിട്ടു. അധികസമയത്തിന്റെ നാലാം മിനിറ്റില്‍ പേപ് ഗുയേ നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് സെനഗല്‍ 1-0ന് വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടാം AFCON കിരീടം നേടിയെന്നായിരുന്നു ടീമിന്റെ അവകാശവാദം.
എന്നാല്‍ ഫൈനലിലെ വിവാദം പിന്നീട് മറ്റൊരു തലത്തിലേക്ക് നീങ്ങി. സെനഗല്‍ താരങ്ങള്‍ മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ടത് ടൂര്‍ണമെന്റ് ചട്ടങ്ങള്‍ പ്രകാരം മത്സരം കൈവിട്ടതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മൊറോക്കോ CAS-നെ സമീപിച്ചു. മാര്‍ച്ചില്‍ CAF അപ്പീല്‍ ബോര്‍ഡ് മൊറോക്കോയുടെ വാദം അംഗീകരിക്കുകയും ഫൈനലില്‍ 3-0ന്റെ വിജയം മൊറോക്കോയ്ക്ക് അനുവദിക്കുകയും ചെയ്തു. ഇതോടെ സെനഗലിന് കിരീടം നഷ്ടമായി.
എന്നാല്‍ CAF വിധിക്കെതിരെ സെനഗല്‍ CAS-നെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ CAS പുറപ്പെടുവിച്ച വിധിയോടെ ഇഅഎന്റെ തീരുമാനം അസാധുവായി. ഇതോടെ ഫൈനലില്‍ നേടിയ വിജയം നിലനിര്‍ത്തി സെനഗല്‍ വീണ്ടും ആഫ്രിക്കന്‍ ചാമ്പ്യന്മാരായിരിക്കുകയാണ്.















