ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയ്‌ക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ 30ലേറെ പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ലോറി മറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 27 വാഹനങ്ങള്‍ കത്തിനശിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഇംബാബ ജില്ലയിലെ പ്രധാന റിങ് റോഡിലാണ് അപകടമുണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ പ്രദേശം വലിയ ദുരന്തഭൂമിയായി മാറി. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഗ്രേറ്റര്‍ കയ്റോ, കയ്റോ, ഗിസ, അല്‍ ഖ്വലിയൂബിയ മേഖലകളെ ബന്ധിപ്പിക്കുന്ന റിങ് റോഡിലാണ് അപകടം നടന്നത്. അപകടസ്ഥലത്ത് വലിയ തീഗോളം ഉയര്‍ന്നതായും ഭീതിജനകമായ കാഴ്ചയായിരുന്നു അതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കും പിന്നാലെ റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.















