മിസിസിപ്പി: അവധി ആഘോഷങ്ങളും കുടുംബത്തോടൊപ്പമുള്ള മത്സ്യബന്ധന യാത്രയും ഒടുവില്‍ കണ്ണീരിലായി. അമേരിക്കയിലെ മിസിസിപ്പി തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഫ്‌ലോറിഡ സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തില്‍ മരിച്ചത്. മത്സ്യബന്ധന യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. പാസ്‌കഗൗളയ്‌ക്കും ഹോണ്‍ ഐലന്‍ഡിനും ഇടയിലുള്ള കടല്‍മേഖലയിലാണ് സെസ്‌ന 210 വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ആറ് മൃതദേഹങ്ങളും മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു.
ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സില്‍ മറൈന്‍ കോണ്‍ട്രാക്ടിങ് കമ്പനി നടത്തുന്ന 50കാരനായ ബ്രെന്റ് സ്റ്റോക്‌സാണ് വിമാനം പറത്തിയിരുന്നത്. അദ്ദേഹത്തിന്റെ 16 വയസുകാരനായ മകന്‍ ഹണ്ടര്‍ സ്റ്റോക്‌സ്, സഹോദരി ആര്‍ലിന്‍ നോക്‌സ് (43), ഭര്‍ത്താവ് മൈക്കല്‍ നോക്‌സ് (43), ഇവരുടെ മക്കളായ ചാള്‍സ് ഹോള്‍ഡന്‍ നോക്‌സ് (12), ട്രൂറ്റ് നോക്‌സ് (10) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. 2012ല്‍ ഫോര്‍ട്ട് മയേഴ്സില്‍ ആരംഭിച്ച ഐടി കമ്പനിയായ നോക്‌സ് ടെക്‌നോളജീസിന്റെ സഹസ്ഥാപകരാണ് ആര്‍ലിനും മൈക്കല്‍ നോക്‌സും. അവധിക്കാലത്തിന്റെ തുടക്കം കുടുംബത്തോടൊപ്പം ആഘോഷിക്കാനായി നടത്തിയ യാത്രയായിരുന്നു ഇതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മത്സ്യബന്ധന യാത്രയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.
അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിമാനം ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് പുറപ്പെട്ട് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ടതിന് പിന്നാലെ സാങ്കേതിക തകരാറുകളെക്കുറിച്ച് പൈലറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് ലഭ്യമായ ആശയവിനിമയ രേഖകള്‍ സൂചിപ്പിക്കുന്നത്. അടിയന്തര സന്ദേശവും ലഭിച്ചിരുന്നില്ല. എന്നാല്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുന്‍പ് ഗള്‍ഫ്പോര്‍ട്ട്-ബിലോക്‌സി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പ്രദേശത്തെ മഴസാധ്യതയെക്കുറിച്ചും പ്രതികൂല കാലാവസ്ഥയെക്കുറിച്ചും പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, പാസ്‌കഗൗളയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ രേഖകള്‍ പ്രകാരം അപകടസമയത്ത് ശക്തമായ കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. എന്നാല്‍ ആകാശത്ത് മേഘാവരണം വ്യാപകമായിരുന്നു. വിമാനത്തിന്റെ സഞ്ചാരപാത പരിശോധിച്ച വിരമിച്ച എയര്‍ലൈന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ അറോയോയുടെ വിലയിരുത്തല്‍ പ്രകാരം ഏകദേശം 9,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം പിന്നീട് വലത്തോട്ട് തിരിഞ്ഞ് അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന് ഗുരുതരമായ എന്തോ തകരാര്‍ സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
തണുത്ത കാലാവസ്ഥയില്‍ മഴയോ ഈര്‍പ്പമോ മൂലം വിമാനത്തിന്റെ ചിറകുകളിലും മറ്റ് ഭാഗങ്ങളിലും ഐസ് അടിഞ്ഞുകൂടാനുള്ള സാധ്യതയും വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വിമാനത്തിന്റെ ഉയര്‍ച്ചശേഷിയെയും നിയന്ത്രണ സംവിധാനങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഈ അപകടത്തില്‍ ഐസ് രൂപപ്പെട്ടിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെയും മറ്റ് രക്ഷാസേനകളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ മൂന്ന് ലൈഫ് ജാക്കറ്റുകളും ഒരു ലൈഫ് റാഫ്റ്റും വിമാനത്തിന്റെ ക്യാബിനും കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പാസ്‌കഗൗളയ്‌ക്കും ഹോണ്‍ ഐലന്‍ഡിനും ഇടയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധര്‍ വിമാനത്തിന്റെ ഫ്യൂസലേജിനുള്ളില്‍ നിന്ന് ആറുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.















