ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ മയക്കുവെടിയേറ്റിട്ടും പിടിയിലാകാതെ ഓടിമാറിയ ആനയെ നിരീക്ഷിച്ച് ഇന്ന് വീണ്ടും നടപടികള്‍ ആരംഭിച്ചു. അനുകൂല സാഹചര്യം ലഭിച്ചാല്‍ 301 കോളനിയിലേക്കുള്ള വഴിയില്‍വച്ച് മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ നീക്കം. നിലവില്‍ ചിന്നക്കനാലിലെ ചെമ്പകത്തൊടുകുഴിയില് ആന വിശ്രമിക്കുകയാണെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാര്‍ അറിയിച്ചു. ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചക്കക്കൊമ്പന് മയക്കുവെടിയേറ്റത്.
എന്നാല്‍ വെടിയേറ്റതിന് പിന്നാലെ ആന ഓടിമാറിയതോടെ ദൗത്യം ലക്ഷ്യത്തിലെത്തിയില്ല. ആനയുടെ നീക്കം നിരീക്ഷിച്ച് സ്ഥാനം കണ്ടെത്തിയ ശേഷമാണ് ഇന്ന് ദൗത്യം പുനരാരംഭിച്ചത്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും മയക്കുവെടിക്കുള്ള മരുന്നിന്റെ അളവ് തീരുമാനിക്കുക. ആനയെ സുരക്ഷിതമായി നിയന്ത്രണത്തിലാക്കുന്നതും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. ചക്കക്കൊമ്പന്റെ പതിവ് ഉറക്കസമയവും ഇന്നത്തെ ദൗത്യത്തില്‍ നിര്‍ണായകമാകും. രാവിലെ 8.30ഓടെ ഉറങ്ങുകയും ഉച്ചയോടെ ഉണരുകയും ചെയ്യുന്നതാണ് ആനയുടെ ശീലം.
ഈ സമയക്രമം അനുസരിച്ച് ആന ഉറക്കത്തിലേക്ക് കടന്നാല്‍ ദൗത്യം വൈകാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമായാലും നടപടികള്‍ നീളും. ഇന്ന് ദൗത്യസംഘത്തിന്റെ അംഗബലം കുറച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായാണ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നത്. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ നൂറോളം പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും തുടരുകയാണ്.
ചക്കക്കൊമ്പനെ സുരക്ഷിതമായി പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ ആനയുടെ ആരോഗ്യസ്ഥിതിയും കാലാവസ്ഥയും അനുകൂലമായാല്‍ മാത്രമേ മയക്കുവെടി ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കൂ. ദൗത്യത്തില്‍ ധൃതിപിടിച്ചുള്ള നടപടികള്‍ വേണ്ടെന്നാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട്. ആനയുടെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഒരുപോലെ പ്രാധാന്യം നല്‍കിയായിരിക്കും നടപടികളെന്ന് മന്ത്രി വ്യക്തമാക്കി. ലക്ഷ്യമിടുന്ന സ്ഥലത്ത് ആന എത്തിയാല്‍ സാഹചര്യം വിലയിരുത്തി മയക്കുവെടി വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.















