തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ അപൂർവ സമർപ്പണം. ഭഗവാൻ ശ്രീ വെങ്കിടേശ്വരന് ചാർത്താനായി 121 കിലോ സ്വർണാഭരണങ്ങളാണ് ഭക്തൻ വഴിപാടായി നൽകിയത്. 45 ആഭരണങ്ങൾക്ക് ഏകദേശം 150 കോടി മുതൽ 160 കോടി രൂപ വരെ മൂല്യമുണ്ട്. ഒൻപത് സെറ്റുകളായാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാടായാണ് ഈ സമർപ്പണം വിലയിരുത്തപ്പെടുന്നത്.
നവംബർ 26ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ക്ഷേത്രം അധികൃതർക്ക് കൈമാറിയത്. വഴിപാടിനെക്കുറിച്ചുള്ള വിവരങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയും പുറത്തുവിട്ടു. ഭക്തന്റെ അസാധാരണമായ സമർപ്പണമെന്നാണ് ക്ഷേത്ര ഭരണസമിതി ഇതിനെ വിശേഷിപ്പിച്ചത്.
തലമുതൽ പാദംവരെ അണിയാൻ സ്വർണാഭരണങ്ങൾ
ഭഗവാൻ ശ്രീ വെങ്കിടേശ്വരനെ തലമുതൽ പാദംവരെ അണിയിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്. വഴിപാട് നൽകുന്നതിന് മുമ്പ് ഭക്തൻ ടിടിഡി അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നവംബർ 26നാണ് ആഭരണങ്ങൾ ഔദ്യോഗികമായി ക്ഷേത്രത്തിന് കൈമാറിയത്.
ആന്ധ്രാപ്രദേശിലെ തിരുമലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കിടേശ്വര ക്ഷേത്രം രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ വെങ്കിടേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം കോടിക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്.















