ചെന്നൈ: പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വസ്തുതാവിരുദ്ധം. കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ചതല്ലെന്നും ജോലിക്കായി പോകുമ്പോൾ മുത്തശ്ശിയുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചതാണെന്നും കൃഷ്ണഗിരി ജില്ലാ കളക്ടർ സി. ദിനേശ് കുമാർ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കെലമംഗലം സ്വദേശികളായ കുമാർ-ശാന്തമ്മ ദമ്പതികളുടെ മക്കളാണ് കുട്ടികൾ. നവംബർ 21ന് ദമ്പതികൾ ഈറോഡ് ജില്ലയിലെ ഭവാനിയിലേക്ക് കരിമ്പ് വെട്ടുന്ന ജോലിക്കായി പോയിരുന്നു. പോകുന്നതിന് മുൻപ് കുട്ടികളെ സാത്തനക്കൽ ഗ്രാമത്തിലുള്ള ശാന്തമ്മയുടെ അമ്മ പാർവതിയമ്മയുടെ വീട്ടിൽ സുരക്ഷിതമായി ഏൽപ്പിച്ചിരുന്നു.
എന്നാൽ മുത്തശ്ശിയുടെ വീട്ടിൽനിന്ന് കുട്ടികൾ തനിയെ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്നാണ് റോഡരികിൽ കുട്ടികളെ കണ്ടെത്തിയത്. മാതാപിതാക്കൾ കുട്ടികളെ ഉപേക്ഷിച്ചെന്ന തരത്തിൽ പ്രചരിച്ച കഥകൾ തെറ്റാണെന്നും കളക്ടർ വ്യക്തമാക്കി.
മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികൾ നേരത്തെയും കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ ജോലിക്കായി പുറത്തുപോകുമ്പോൾ കുട്ടികളെ മുത്തശ്ശിയുടെ വീട്ടിൽ ഏൽപ്പിക്കാറുണ്ടായിരുന്നു. അതിനാലാണ് കുട്ടികളെ കണ്ടെത്തിയശേഷം അധികൃതർ മുത്തശ്ശിക്ക് തന്നെ തിരികെ കൈമാറിയത്.
വഴിയാത്രക്കാരിൽ ആരോ ആണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന മാതാപിതാക്കളെ കുട്ടികളെ ഉപേക്ഷിച്ചവരായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. സംഭവത്തിന്റെ യഥാർഥ വസ്തുതകൾ മനസിലാക്കാതെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നത് കുടുംബത്തിന്റെ അന്തസ്സിനെയും കുട്ടികളുടെ സ്വകാര്യതയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.















