കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ. ബാബു നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസ് ബി. കമാല്‍ പാഷ ഇക്കാര്യം വ്യക്തമാക്കിയത്.
വിജിലന്‍സിന്റേത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും വിജിലന്റല്ലാത്തത് പോലെയാണ് വിജിലന്‍സിന്റെ പ്രവര്‍ത്തനമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാല്‍ വിജിലന്‍സിന് പകരം മറ്റ് സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
നേരത്തെ വി.എസ് സുനില്‍കുമാര്‍ എംഎല്‍എ അടക്കം നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേ കെ. ബാബുവിനെതിരേ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു വിജിലന്‍സ് കോടതിയില്‍ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ജസ്റ്റീസ് കമാല്‍പാഷയുടെ ബെഞ്ച് ഇതേ വിഷയത്തില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.