കോഴിക്കോട്: തന്റെ പാർട്ടി നേതൃത്വവുമായിതനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അവ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘടനക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെയല്ല, സംഘടനക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കൊച്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ പരിഗണിക്കാത്തതിലും ചില സംസ്ഥാന നേതാക്കൾ തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിലും തരൂർ അസ്വസ്ഥനാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
‘എന്റെ പാർട്ടി നേതൃത്വവുമായി ഞാൻ ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളുണ്ട്. എന്റെ ആശങ്കകൾ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കാനും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും എനിക്ക് അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്കായി കെ.പി.സി.സി സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ യാതൊരു പരിഗണനയും ലഭിക്കാത്തതില്‍ ശശി തരൂരിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ പരാതി അറിയിച്ചെന്നാണ് റിപ്പോർട്ട് . രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി തീരുംമുമ്പേ തരൂർ വേദി വിട്ട് ഇറങ്ങിപ്പോയത് വാർത്ത ആയിരുന്നു.















