ന്യൂഡല്‍ഹി: ബ്രിക്സ് കൂട്ടായ്മ ആര്‍ക്കും എതിരല്ലെന്നും പരസ്പര സഹകരണവും സുസ്ഥിര വികസനവുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്ന ഇന്ത്യ, സ്വപ്നങ്ങളെ ഉത്തരവാദിത്തവുമായി ചേര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഭരണസംവിധാനത്തില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഗ്ലോബല്‍ സൗത്തിന് നിയമനിര്‍മാണത്തിലും നയരൂപീകരണത്തിലും തുല്യപങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയില്‍ നേതാക്കളെ ഹിന്ദിയില്‍ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ അധ്യക്ഷത വിജയകരമാക്കാന്‍ സഹകരിച്ച അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച മോദി, ബ്രിക്സിന്റെ 20-ാം വാര്‍ഷിക വര്‍ഷത്തിലെ ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണെന്നും പറഞ്ഞു.
സ്വപ്നങ്ങളെ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ച് മുന്നോട്ടുപോകണമെന്ന് മോദി പറഞ്ഞു. ബ്രിക്സ് വേദിയിലെ ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബ്രിക്സ് പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസഭാ സുരക്ഷാ സമിതിയിലെ പരിഷ്‌കരണം ഇനി നീട്ടിവെക്കാനാകില്ലെന്നും മോദി വ്യക്തമാക്കി. പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൃത്യമായ സമയപരിധിയും വ്യക്തമായ ഫലങ്ങളും ഉണ്ടായിരിക്കണം.
സാമ്പത്തിക സ്ഥാപനങ്ങളിലെ വോട്ടവകാശം, നേതൃസ്ഥാനങ്ങള്‍, നയപരമായ മുന്‍ഗണനകള്‍ എന്നിവ ഇന്നത്തെ ആഗോള സാമ്പത്തിക യാഥാര്‍ഥ്യത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള വ്യാപാരത്തില്‍ നാവികര്‍ വഹിക്കുന്ന നിര്‍ണായക പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്‌ട്ര സമുദ്രപാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാവികര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ‘Seafarers’ Emergency Support Network’ രൂപീകരിക്കണമെന്ന നിര്‍ദേശവും മോദി മുന്നോട്ടുവച്ചു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ സമുദ്രസുരക്ഷാ ആഹ്വാനം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ഇടം, ബഹിരാകാശം, ബയോടെക്നോളജി, നിര്‍ണായക സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ ഭാവിയിലെ ആഗോള നിയമങ്ങള്‍ രൂപപ്പെടുകയാണെന്ന് മോദി പറഞ്ഞു. ”നിയമങ്ങള്‍ അനുസരിക്കുന്നവരില്‍ നിന്ന് നിയമങ്ങള്‍ രൂപപ്പെടുത്തുന്നവരായി ഗ്ലോബല്‍ സൗത്തിനെ മാറ്റണം” എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് വഴി ഗ്ലോബല്‍ സൗത്തിലെ യുവ നയതന്ത്രജ്ഞര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ചര്‍ച്ചാപാടവം, പ്രായോഗിക പരിശീലനം, നിയമപരമായ വൈദഗ്ധ്യം എന്നിവ നല്‍കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഭാവി എല്ലാവരുടേതാണെങ്കില്‍, അത് രൂപപ്പെടുത്താനുള്ള അവകാശവും എല്ലാവര്‍ക്കും തുല്യമായിരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















