രാഷ്ട്രചേതനയുടെ സമര ജ്വാലകൾ…

1931 മാർച്ച് 23 .

ആരാണ് ആദ്യം കഴുമരച്ചുവട്ടിൽ കയറേണ്ടതെന്നതിനെ പറ്റി മത്സരിക്കുകയായിരുന്നു മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധ വിപ്ലവം നടത്തിയ ആ ധീര ദേശാഭിമാനികൾ ‍.ആദ്യം സുഖ്ദേവ് പിന്നെ ഭഗത് സിംഗ് , രാജ് ഗുരു എന്ന ക്രമത്തില്‍ തീരുമാനിക്കപ്പെട്ടു .വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി അവര്‍ ജയില്‍ മുറികളില്‍ നിന്നും പുറത്തെത്തി . സഹ തടവുകാരുടെ ഏറ്റു വിളികളില്‍ ജയിലറകൾ പ്രകമ്പനം കൊണ്ടു .കയർ  കുരുക്കുകൾ അവർ സ്വയം കഴുത്തിലണിഞ്ഞു . നിമിഷങ്ങൾക്കുള്ളിൽ കഴുമരത്തട്ടിന്റെ പലക നീങ്ങി . “സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം “ എന്ന സന്ദേശം ഭാവി ഭാരതത്തിനു നല്‍കി അവർ അനശ്വരരായി .

ഭഗത് സിംഗ് , രാജ ഗുരു , സുഖ് ദേവ് . ഭാരതത്തിലെ ഓരോ മൺതരിക്കും സുപരിചിതമായ പേരുകൾ . സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന വിപ്ലവത്തിന്റെ അഗ്നി നക്ഷത്രങ്ങൾ . വധ ശിക്ഷയുടെ തീയതി അടുത്തുവരുന്തോറും കൂടുതൽ ആഹ്ലാദവാന്മാരായി അവർ മാറി . മാതൃഭൂമിയുടെ കാൽക്കൽ എത്രയും പെട്ടെന്ന് തങ്ങളുടെ ജീവിതകുസുമങ്ങൾ അർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മൂന്ന് പേരും .തന്റെ മകന്റെ ജീവിതം നീട്ടിത്തരണമെന്ന് വൈസ്രോയിയോട് അച്ഛൻ ആവശ്യപ്പെട്ടതിന്റെ ദേഷ്യം ഭഗത് സിംഗ് മരണം വരെ കാത്ത് സൂക്ഷിച്ചിരുന്നു . അച്ഛൻ തന്നെ പിന്നിൽ നിന്ന് കുത്തി എന്നാണ് ആ ധീരദേശാഭിമാനി അതിനെപ്പറ്റി വിലപിച്ചത്

യഥാർത്ഥത്തിൽ മാർച്ച് 24 ആയിരുന്നു വധ ശിക്ഷ നടപ്പാക്കേണ്ട ദിവസം . എന്നാൽ രക്തസാക്ഷികൾക്ക് ലഭിക്കാൻ പോകുന്ന പിന്തുണ സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഒരു ദിവസം മുൻപേ ശിക്ഷ നടപ്പാക്കുകയായിരുന്നു . ജയിലിലെ ഏറ്റവും ദുഖപൂർണമായ ദിവസമായിരുന്നു അത് . ഒരൊറ്റ തടവുകാരനും ഭക്ഷണം പോലും കഴിക്കാനായില്ല . രണ്ട് ദിവസം കഴിഞ്ഞ് ഭഗത് സിംഗിന്റെ അച്ഛനെ സന്ദർശിച്ച ജയിൽ ഉദ്യോഗസ്ഥനായ സാഹിബ് മുഹമ്മദ് അക്ബർ “ഒരു പിടിച്ചോറിനു വേണ്ടി ഞങ്ങൾ അടിമകളായെന്ന്” വിലപിച്ചു

1931 ലെ ലാഹോർ കോൺഗ്രസ് സമ്മേളനം പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഗാന്ധിജിയെ കരിങ്കൊടി വീശിയും കരിഞ്ഞ പുഷ്പങ്ങൾ വർഷിച്ചുമാണ് അന്ന് പ്രതിനിധികൾ വരവേറ്റത് . ഭഗത് സിംഗിന്റെ മോചനത്തിനായി ഗാന്ധിജി ഒന്നും ചെയ്തില്ല എന്ന് ആരോപിച്ചു കൊണ്ടായിരുന്നു അത് . ബ്രിട്ടീഷ് സർക്കാരിനെതിരെ അവസാന സായുധ പോരാട്ടം നടത്തിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്ന് കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഇങ്ങനെ പറഞ്ഞു

” സങ്കടത്തിന്റെയും ദുഖത്തിന്റെയും കനത്ത നിഴലുകളിലാണ് നാമിന്നിവിടെ ചേർന്നിരിക്കുന്നത് . സർദാർ ഭഗത് സിംഗും , രാജഗുരുവും , സുഖ് ദേവും തീർച്ചയായും വിപ്ലവത്തിന്റെ പ്രതീകങ്ങളാണ് . അവർ പോയിരിക്കാം . പക്ഷേ അവരെ പ്രതീകമാക്കിയ ചേതന എക്കാലവും അജയ്യമായി നിലനിൽക്കും ”

അതെ ” ജീവിതം ഉദിച്ചുയരുന്നത് മൃത്യുവിൽ നിന്നാണ് .സചേതനമായ രാഷ്ട്രങ്ങളുയിർക്കുന്നത് രാജ്യസ്നേഹികളായ സ്ത്രീ പുരുഷന്മാരുടെ ശവക്കല്ലറകളിൽ നിന്നാണ് ” എന്ന് ഐറിഷ് ദേശീയവാദിയായ പാട്രിക്ക് പിയേഴ്സ് പറഞ്ഞത് എത്ര ശരിയാണ് !

ഭഗത് സിംഗിന്റെയും രാജഗുരുവിന്റെയും സുഖദേവിന്റെയും പട്ടടകളിൽ നിന്നും കൊളുത്തിയെടുത്ത ദീപശിഖ പിൻഗാമികൾ ഏകസ്ഥിതരായി ഏറ്റുവാങ്ങിയതിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം . ധീര രക്തസാക്ഷികളേ – നിങ്ങളുടെ നിസ്വാർത്ഥത ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു. നിങ്ങളുടെ വിയർപ്പിൽ, ചോരയിൽ ഞങ്ങൾ സ്വാതന്ത്ര്യം രുചിച്ചു – നിങ്ങൾക്ക് സ്വതന്ത്രഭാരതത്തിന്റെ ശതകോടി പ്രണാമങ്ങൾ !

Shares 757
Close