തബൂലെ – ക്വിനോവ സാലഡ്

സാലഡുകൾ മലയാളിയുടെ നിത്യജീവിതത്തിലേക്ക് കടന്നുവന്നിട്ട് അധികകാലം ആയില്ല. പൊതുവെ പാചകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ് നമ്മുടെ ആഹാരരീതി. പച്ചിലകളും, പാകം ചെയ്യാത്ത പച്ചക്കറികളും ഭക്ഷണത്തിനൊപ്പമോ, അല്ലാതെയോ കഴിക്കുന്ന രീതി ഗൾഫ് രാജ്യങ്ങളിലും, പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമാണ്.

മാറുന്ന കാലാവസ്ഥയിൽ, നമ്മുടെ ഭക്ഷണക്രമത്തിലും സാലഡുകൾ കടന്നുവന്നു കഴിഞ്ഞു. ദഹനത്തിന് സഹായകവും, നിർജ്ജലീകരണത്തിൽ നിന്നും മോചനം നൽകുന്നതുമായ പച്ചില-പച്ചക്കറി സാലഡുകൾ വ്യത്യസ്ത രുചിയിലും, വൈവിധ്യത്തിലും നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കാം.
മെഡിറ്ററേനിയൻ രാജ്യങ്ങളിൽ വ്യാപകമായതും, ഗൾഫ് രാജ്യങ്ങളിൽ പ്രിയമേറിയതുമായ “തബൂലെ” എന്ന സാലഡ് ഒന്ന് പരിചയപ്പെടാം. മലയാളികൾക്ക് പൊതുവെ അപരിചിതമായ “ക്വിനോവ” (ക്വിനുവ) എന്ന ധാന്യമാണ് തബൂലെയുടെ പ്രധാന ചേരുവ.

നമുക്ക് സുപരിചിതമായ തിന, വരിനെല്ല് തുടങ്ങിയ ധാന്യങ്ങളുടെ കുടുംബത്തിൽ വരുന്ന ഒന്നാണ് ക്വിനോവ. സൂപ്പർ മാർക്കറ്റ് – ഹൈപ്പർ മാർക്കറ്റ് ഷോപ്പിംഗ് സംസ്കാരത്തിന്റെ ഈ കാലത്ത് ക്വിനോവ കേരളത്തിലും ലഭ്യമാവുന്നുണ്ട്.

ആവശ്യമുള്ള സാധനങ്ങൾ
ക്വിനോവ – 200 ഗ്രാം
ഒരു നാരങ്ങയുടെ ജ്യൂസ്
ഒലീവ് ഓയിൽ – 4 ടേബിൾ സ്പൂൺ
പുതിനയില (അരിഞ്ഞത്) – 1 പിടി
പാഴ്സലി ഇല (അരിഞ്ഞത്) – 1 പിടി
ഉള്ളിയില (അരിഞ്ഞത് ) – 3 എണ്ണം
മുള്ളൻ വെള്ളരി (ചെറുതായി അരിഞ്ഞത്) – 1 / 2
തക്കാളി (കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത്) – 1
വാൽനട്സ് (അരിഞ്ഞത്) – 1 പിടി

കുതിർത്ത ക്വിനോവ 10 മിനിറ്റ് വേവിച്ചെടുക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് ചൂടാറിയതിന് ശേഷം നാരങ്ങാ നീരും, ഒലീവ് ഓയിലും ചേർത്ത് യോജിപ്പിക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന പുതിനയില, പാഴ്സലി ഇല, ഉള്ളിയില, വെള്ളരി, തക്കാളി, വാൽനട്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പുക.

ജനം ടിവി – പ്രസാദം – വെജിറ്റേറിയൻ ഫുഡ് ഷോ – വെള്ളിയാഴ്ച രാത്രി 10 ന്

Close