ഷാലോം നമസ്തേ

കാളിയമ്പി


1977ൽ ഭാരത റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ റാവൽപിണ്ടിയ്ക്കടുത്തുള്ള കഹൂട ന്യൂക്ളിയർ പ്ളാന്റിൽ ആറ്റം ബോംബിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്ന വിവരം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാ‍ർജി ദേശായിയെ അറിയിച്ചു.

മാന്യരിൽ മാന്യമഹാത്മാവായിരുന്ന അദ്ദേഹം ഉടനേ ഫോണെടുത്ത് കറക്കി പാക്കിസ്ഥാൻ പ്രസിഡന്റ് സിയാവുൾ ഹക്കിനെ വിളിച്ചു. “ജനറൽ, നിങ്ങൾ കഹൂടയിൽ നടത്തുന്ന ആറ്റം ബോംബ് പ്രൊജക്ട് ഞങ്ങൾക്കറിയാം. റോ എന്നെ എല്ലാം അറിയിച്ചിട്ടുണ്ട്. സംഭവം ഉടനേ നിർത്തിക്കോളുക”.

റോയിലെ ഉദ്യോഗസ്ഥർ ഈ സംഭവമറിഞ്ഞ് ഞെട്ടിപ്പോയി. പതിറ്റാണ്ടുകളായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും ഇന്റലുമാണ് ഈ ഒരൊറ്റ ഫോൺ വിളിയിലൂടെ മൊറാർജി ഇല്ലാതെയാക്കിയത്. ഇനി ഇതുപോലെ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാൻ എത്രയോ കൊല്ലങ്ങളെടുക്കും. ഈ വിവരം പുറത്തറിയിച്ച ഭാരതത്തിന്റെ ചാരന്മാരെ അവർക്ക് മനസ്സിലാക്കുവാനും സാധിയ്ക്കും. അവരുടെയെല്ലാം ജീവനപകടത്തിലാക്കുന്ന നടപടിയാണ് മൊറാർജി ചെയ്തത്.

ദൗർഭാഗ്യവശാൽ ഇസ്രേയൽ ജനറലും യുദ്ധനായകനുമായിരുന്ന മോശെ ദയാനും ഏതാണ്ട് ഈ സമയത്തായിരുന്നു ഭാരതവുമായി രഹസ്യ ചർച്ചകൾക്ക് കാഠ്മണ്ഡുവിലെത്തിയത്. പാകിസ്ഥാൻ ആകെ പേടിച്ചു. ഇസ്രേയലും ഭാരതവുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് എല്ലാവരും വിചാരിച്ചു. ഈ വിവരമറിയിയ്ക്കാനാണ് ജനറൽ ദയാൻ എത്തിയതെന്ന് എല്ലാവരും കരുതി. ഭാരതത്തെ അടിമയാക്കിവച്ചിരുന്നുവെന്ന് കരുതിയ സോവിയറ്റ് കമ്മിസാറന്മാർക്ക് അതത്ര പിടിച്ചില്ല. ഇസ്രേയൽ വഴി അമേരിയ്ക്കയും ഭാരതവുമായി അടുക്കുന്നോ എന്നവർ പേടിച്ചുകാണും.

ഭാരതവുമായി അടുത്ത നയതന്ത്രബന്ധങ്ങളുണ്ടാക്കാൻ അന്നെത്തിയ ജനറൽ മൊശെ ദയാൻ അതുകൊണ്ട് തന്നെ നിരാശനായാണ് മടങ്ങിയത്.

ഇസ്രേയൽ എന്നും ഭാരതത്തിലെ മാറിയും തിരിഞ്ഞും വന്ന നെഹ്രു കുടുംബരാഷ്ട്രീയത്തിന് ഒരു വെപ്പാട്ടിയെ മാതിരിയായിരുന്നു. അവർക്കാവശ്യമുള്ളപ്പോൾ ഉപയോഗിയ്ക്കാനുള്ള ഒരു ആയുധം. പാകിസ്ഥാനിലും അറബ് ലോകത്ത് പൊതുവേയും ഭാരതത്തിനെതിരേ നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം ഭാരതത്തിനു വേണ്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രേയൽ തന്ന് സഹായിച്ചിട്ടുണ്ട്. പകരം നമ്മൾ രഹസ്യമായി വിവരങ്ങൾ അങ്ങോട്ടും കൊടുത്തിട്ടുണ്ടാകാം.

പക്ഷേ പരസ്യമായി നമ്മൾ പാലസ്തീൻ ലിബറേഷനേയും അതുവഴി ഹമാസിനേയും പിന്തുണച്ചു കൊണ്ടിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കണ്ട്രീസ് (OIC) വന്ന സമയത്ത് അതിൽ അംഗമാകാൻ ചില അറബ് രാജ്യങ്ങൾ ഭാരതത്തെ ക്ഷണിച്ചെങ്കിലും പാകിസ്ഥാന്റെ നിർബന്ധപൂർവമായ നിലപാടുകൾക്ക് വഴങ്ങി തികച്ചും ഭാരതത്തിനെതിരായ നിലപാടാണ് ഇസ്ലാമിക ലോകം ഇന്ന് വരെ എടുത്തുകൊണ്ടിരിയ്ക്കുന്നത്. OIC യിൽ അംഗമാകാൻ ആദ്യം അപേക്ഷിച്ചെങ്കിലും അത് പറ്റില്ല എന്ന് പറഞ്ഞതോടെ നാം ആ സംഘടനയോട് പിന്നീട് യോജിച്ചു പ്രവർത്തിച്ചിട്ടുമില്ല.

എല്ലാ മാറ്റങ്ങളുമുണ്ടായതുമാതിരി 1991ലെ നരസിംഹറാവു ഗവണ്മെന്റും തുടർന്ന് വന്ന വാജ്പേയ് ഗവണ്മെന്റും ഇസ്രേയലുമായുള്ള ബന്ധങ്ങൾ ഊഷ്മളമാക്കി. നരസിംഹറാവു ഇസ്രേയലുമായി അടുത്തെങ്കിലും പാലസ്തീനെ സുഖിപ്പിച്ചു നിർത്തി മുസ്ലീം വോട്ടുബാങ്കിനെ സന്തോഷിപ്പിയ്ക്കാൻ അദ്ദേഹം മറന്നില്ല. അർജുൻ സിങ്ങ് ഇസ്രേയൽ സന്ദർശിച്ചപ്പോൾ അവർ സാങ്കേതികസഹായം ചെയ്യാമെന്ന് സമ്മതിച്ച സിവിൽ ഏവിയേഷൻ ഡീൽ വേണ്ട എന്ന് പോലും പറയേണ്ടി വന്നു നമ്മൾക്ക്.

പക്ഷേ 1998ൽ ഏ ബീ വാജ്പേയ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. 2000 മാണ്ടിൽ എൽ കേ അദ്വാനിയും ജസ്വന്ത് സിങ്ങും ഇസ്രേയൽ സന്ദർശിച്ചു. 2003ൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഭാരതത്തിലുമെത്തി. സിവിൽ ഡീലുകളല്ല, തന്ത്രപ്രധാനമായ ഡിഫൻസ് ഡീലുകൾ വരെ നമ്മൾ അന്ന് ഇസ്രേയലുമായുണ്ടാക്കി. ഭാരതവും വാഗ്ദത്തഭൂമിയുമായുള്ള ബന്ധത്തിൽ വലിയൊരു കുതിച്ചുചാട്ടം.

“അറബ് ലോകം നമുക്കെന്താണ് തന്നത്?” ഒരിയ്ക്കൽ ഭാരത നയതന്ത്രജ്ഞനായ ജ്യോതീന്ദ്ര നാഥ് ദീക്ഷിത് ചോദിച്ചു. “അവർ കാശ്മീരിനു വേണ്ടി നമ്മോടൊപ്പം നിന്നോ? അവർ കിഴക്കൻ പാകിസ്ഥാൻ ആപത്ഘട്ടത്തിൽ നമ്മുടെ കൂടെയുണ്ടായിരുന്നുവോ?”

ഒരിയ്ക്കലുമില്ല. തങ്ങളുടെ കയ്യിൽ ധാരാളമായുള്ള പണം തൂക്കിയാട്ടി എക്കോണമിക്കൽ ബ്ളാക്മെയിലിങ്ങല്ലാതെ അറബ് ലോകം ഭാരതത്തിനായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ നമ്മൾ തിരികെ അങ്ങനെയല്ല. സായിപ്പിനെ കാണുമ്പോൾ മാത്രമല്ല, നീളൻ കുപ്പായങ്ങൾ കാണുമ്പോഴും നമ്മൾ കവാത്ത് മറക്കും.

അതേ സമയം ഇസ്രേയൽ അങ്ങനെയല്ല. അത്യാവശ്യം വേണ്ട സമയത്തെല്ലാം ഇസ്രേയൽ നമ്മളവരെ പലപ്പോഴും പരിഗണിയ്ക്കാഞ്ഞിട്ടുകൂടി നമ്മോടൊപ്പം നിന്നിട്ടുണ്ട്. പലപ്പോഴും നമുക്ക് വേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ തന്ന് സഹായിച്ചിട്ടുണ്ട്. യുദ്ധസമയത്തുൾപ്പെടെ. നമ്മുടെ ഓഫീസർമാരെ പരിശീലനം നൽകുകയും അത്യാവശ്യം മോശമല്ലാത്ത ഡീഫൻസ് ഡീലുകളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിരോധക്കരാറുകൾ മാത്രമല്ല, രത്നങ്ങൾ മുതലുള്ള കച്ചവടവും തുള്ളിനന വരെയുള്ള സാങ്കേതിക വൈദഗ്ധ്യവും ഇസ്രേയലിൽ നിന്ന് നമുക്ക് ലഭിയ്ക്കുന്നുണ്ട്.

ഓഷോ ഒരിയ്ക്കൽ തമാശയായി പറഞ്ഞിട്ടുണ്ട്. ഇസ്രേയലിലേക്ക് ആ പാവങ്ങളെ പറഞ്ഞയച്ച അവരുടെ യഹോവ വലിയ ചതിയാണ് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് മധ്യപൂർവേഷ്യയിലേയ്ക്ക് അവരെ പറഞ്ഞയയ്ക്കുമ്പോൾ ചുറ്റിനും എണ്ണയാൽ സമ്പന്നമായ ഒരുപാട് സ്ഥലമുണ്ടായിരുന്നു. എന്നിട്ടും അവിടേയ്ക്കൊന്നും വിടാതെ അവരെ ഇസ്രേയലിലേയ്ക്ക് തന്നെ ഇവരെ പറഞ്ഞു വിട്ടല്ലോ ആ ദുഷ്ടനായ ദൈവം എന്ന്. സൗദിയെപ്പോലെയോ ഇറാഖിനെപ്പോലെയോ സിറിയയെപ്പോലെയോ എണ്ണയൊന്നുമില്ലാത്ത ആ വരണ്ടുണങ്ങിയ മരുഭൂമിയായ ഇസ്രേയലിൽ നിന്നാണ് ജലം പരമാവധി സംരക്ഷിച്ച് ഏറ്റവും കുറഞ്ഞ ജല ഉപയോഗത്തിൽ പരമാവധി വിളവുണ്ടാക്കാനുള്ള തുള്ളിനന സാങ്കേതിക വിദ്യ ഉണ്ടാകുന്നത്.

ഇത്രയും നീട്ടിവലിച്ചെഴുതിയത് ആ ഒരു ചെറിയ കാര്യം പറയാനാണ്. മുഗൾ ലോകത്ത് ബിരിയാണി മുതൽ ആഷിഖിയും ശുക്രിയായും വരെ നീണ്ടുനിൽക്കുന്ന അറബ് ബന്ധവും സ്വാധീനവും ഭാരതത്തിലുണ്ട്. പക്ഷേ ആ സ്വാധീനം നമ്മുടെ സംസ്കാരത്തെ കാർന്നു തിന്നാൻ അനുവദിയ്ക്കരുത് എന്ന് പറയുക കൂടി ചെയ്യാനാണ്. മുസ്ലിം ലോകം അവരുടെ ഉപ്പിലിട്ട മതവും മാറ്റം വരുത്താനാകാത്ത നിർബന്ധങ്ങളുമായി അള്ളാപ്പിച്ചമൊല്ലാക്കമാരാകുമ്പൊ ആ വരണ്ടുണങ്ങിയ ഭൂമിയിൽ ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും മുൻ നിർത്തി ജീവിതം ചുറ്റുപാടുമുള്ള ലോകത്തേക്കാൾ ബഹുദൂരം കെട്ടിപ്പടുത്ത ജൂതന്മാരുടെ മാതൃക മുസ്ലീങ്ങളും ഹിന്ദുക്കളുമായ ഭാരതീയരുടെ മുന്നിൽ നിവർന്ന് കിടപ്പുണ്ട്.

OIC രാജ്യങ്ങളിൽ അതി സമ്പന്നമായ സൗദി അറേബ്യയുടെ GDP യുടെ വെറും 0.05 ശതമാനം പണം മാത്രമാണ് 2008ൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കുമായി നീക്കിവച്ചത്. ഇറാൻ 0.67 ശതമാനവും ചൈന 1.46 ശതമാനവും വരുമാനം ഗവേഷണപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. അതേ സമയം ഇസ്രേയൽ അവരുടെ വാർഷിക വരുമാനത്തിന്റെ 4.33 ശതമാനം ഗവേഷണപ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്നു. 2013ൽ ഇറങ്ങിയ ജേർണൽ ആർട്ടിക്കിളുകളുടെ കാര്യം നോക്കുകയാണെങ്കിൽ ചൈനയിൽ നിന്ന് ഏതാണ്ട് നാലു ലക്ഷത്തിലധികം ആർട്ടിക്കിളുകൾ പബ്ളിഷ് ചെയ്തിട്ടുണ്ട്.ഭാരതത്തിൽ നിന്ന് ഏതാണ്ട് ഒരു ലക്ഷത്തിനടുത്തും. ഇറാനിൽ നിന്ന് മുപ്പത്തീരായിരവും ഇസ്രേയലിൽ നിന്ന് പതിനോരായിരവും ആർട്ടിക്കിളുകൾ പബ്ളിഷ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ എണ്ണായിരത്തിൽത്താഴെയും. ഇസ്രേയലിന്റെ പത്തിരട്ടി ജനസംഖ്യയും വലിപ്പവും ഇറാനും സൗദിയ്ക്കും ഉണ്ടെന്നോർക്കണം.

ശാസ്ത്ര സാങ്കേതികവിദ്യകളിലെ നോബേൽ സമ്മാനജേതാക്കളുടെ എണ്ണം നോക്കിയാൽ ഇസ്രേയൽ ലോകത്തെ ആദ്യ പതിനഞ്ച് രാജ്യങ്ങളിൽ വരും. (മറ്റു രാജ്യങ്ങളിൽ നിന്ന് നോബൽ സമ്മാനം നേടിയ ജൂതന്മാരുടേ കണക്കെടുക്കുന്നില്ല). എന്നാൽ ആകെ OIC രാജ്യങ്ങളിൽ നിന്ന് രണ്ടേ രണ്ട് നോബേൽ സമ്മാനമേ ഉള്ളൂ. ഒന്ന് പാകിസ്ഥാനിലെ ഡോക്ടർ അബ്ദുൾസ്സലാം എന്ന ഭൗതികശാസ്ത്രജ്ഞനും ഈജിപ്ഷ്യൻ വംശജനായ അമേരിക്കക്കാരൻ ഡോക്ടർ അഹമ്മദ് സെവയിലും. അതിൽ ഡോക്ടർ അബ്ദുസ്സലാമിനെ മുസ്ലീമായി പാകിസ്ഥാൻ പരിഗണിയ്ക്കുന്നില്ലയെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ ഇസ്ലാമിസ്റ്റുകളുടെ പീഡനം സഹിച്ചാണ് അഹമ്മദിയ വിശ്വാസിയായ അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്.

പറയുന്നത് വേറൊന്നുമല്ല. നമുക്ക് അറേബ്യയിൽ നിന്നല്ലാതെ ഇസ്രേയലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിയ്ക്കാനുണ്ട്. അതിജീവനത്തിന്റെ ചരിത്രം. പുരോഗമനപരമായും വികസനോന്മുഖമായും മുന്നോട്ടുപോകേണ്ടുന്നതിന്റേയും അതേ സമയം സ്ഥൈര്യത്തോടെയും അഭിമാനത്തോടെയും നിശ്ചയദാർഡ്യത്തോടേയും ഭാവിയെപ്പറ്റി ആലോചിയ്ക്കുകയും ചെയ്യേണ്ടുന്നതിന്റെ ചരിത്രം. ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും മറ്റെല്ലാം മറന്ന് പുണരേണ്ടതിന്റെ ചരിത്രം. ഒപ്പം സാംസ്കാരിക രാഷ്ട്രസങ്കൽപ്പത്തിന്റെ അടിത്തറയിലൂന്നി തികച്ചും ബഹുസ്വരമായ, എന്നാലാർക്കും വഴങ്ങിക്കൊടുക്കാത്ത ഒരു രാഷ്ട്രനിർമ്മിതിയുടെ…അല്ല രാഷ്ട്ര പുനർനിർമ്മിതിയുടെ ചരിത്രം.

ഭൂതകാലം നമ്മൾക്കായി കരുതിവച്ച ഒരുപാട് രത്നങ്ങളുണ്ട്. പക്ഷേ കേവലമായ സത്യമന്വേഷിക്കലുകൾക്ക് നമ്മൾ പിൻതിരിഞ്ഞ് നിൽക്കരുത്. ശാസ്ത്രവും വിജ്ഞാനവും ആരുടേയും കുത്തകയല്ല. അത് വെസ്റ്റേണുമല്ല. ഒരു ഇരുനൂറു കൊല്ലം നമ്മളുടെ കണ്ണുകെട്ടിക്കളഞ്ഞ് ഇരുട്ടത്ത് നിർത്തിപ്പോയെന്നേയുള്ളൂ. ശാസ്ത്രചരിത്രത്തിൽ ആ ഇരുനൂറു കൊല്ലം ഒന്നുമല്ല. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം ഈ കിഴക്കിൽ നിന്നുണ്ടായതാണ്. ഇവിടെയാണതിനി മുന്നോട്ടുപോകേണ്ടതും.കൊള്ളയടിച്ചും പറ്റിച്ചും കൊണ്ടുപോയ സാമ്രാജ്യങ്ങളെല്ലാം അസ്തമിയ്ക്കുമ്പോൾ അതിജീവിയ്ക്കേണ്ടത് ഇവിടെത്തന്നെയുണ്ടായിരുന്ന ഈ വേരുറച്ച സംസ്കാരങ്ങളാണ്.

അതിനു നമ്മൾ തുളസിച്ചെടി ഓസോൺ വിടുന്ന തട്ടിപ്പ് വിദ്യ മാത്രം പഠിച്ചാൽ പോര. അതിൽ നിന്നൊക്കെ ഉയരണം.ഇനിയുമൊരുപാട് സീ വീ രാമന്മാരും, സത്യേന്ദ്രനാഥ് ബോസുമാരും ശ്രീനിവാസ രാമാനുജന്മാരും, മേഘനാഥ് സാഹമാരുമുണ്ടാകണം. ചരകനും ശുശ്രുതനും ആര്യഭടനും വരാഹമിഹിരനും നീലകണ്ഠ സോമയാജിയും അച്യുതപ്പിഷാരടിയുമൊക്കെ പുനർജനിയ്ക്കണം. അതിന് ഉപ്പിലിട്ട സംസ്കാരങ്ങളുടെ തടവിലായിരുന്നാൽപ്പോര. പുത്തൻ നാമ്പുകളെ, പുതിയ ധാരകളെ സ്വയമായി ഉൾക്കൊള്ളണം. അതിനൊപ്പം വലിയ സ്രാവുകൾക്കൊപ്പം നീന്തണം. അതിന്നായി ഈ യിസ്രേയലിന്റെ മക്കളുടെ അതിജീവനത്തിൽ നിന്ന് നാം പഠിയ്ക്കണം.

ഭാരതത്തിന്റെ പ്രധാനമന്ത്രി ആദ്യമായി വാഗ്ദത്തഭൂമിയിലെത്തുകയാണ്. മാത്രവുമല്ല അതേക്കാൾ പ്രധാനമായത് അദ്ദേഹം പാലസ്തീൻ എന്ന അങ്കുശമിട്ടല്ല വാഗ്ദത്തഭൂമിയിലെത്തുന്നത് എന്നാണ്. സാധാരണ നിഷ്പക്ഷ രാഷ്ട്രത്തലവന്മാർ ഇസ്രേയലിലെത്തിയാൽ ടെൽ അവിവിനൊപ്പം റമെല്ലയിലും ചെന്ന് ബാലൻസ് ചെയ്തിട്ടാണ് പോരാറുള്ളത്. അത് ഇപ്രാവശ്യമില്ല എന്നതാണീ സന്ദർശനത്തിന്റെ ഏറ്റവും വലിയ കാര്യം.

പാലസ്തീനുമായി ഒരു വിരോധവുമില്ല. പാലസ്തീനിൽ പോകുമ്പൊ പാലസ്തീനിലേക്കായി പോകാം. പക്ഷേ ഇസ്രേയലിൽ പോകുമ്പൊ ഇനി മുതൽ ബാലൻസ് ചെയ്യേണ്ടതില്ല എന്ന ധീരമായ തീരുമാനം കൈക്കൊള്ളാൻ ഈ ഗവണ്മെന്റ് തന്നെ വേണ്ടിവന്നുവെന്നത് ഒരു നിയോഗമാണ്.

വാഗ്ദത്തഭൂമിയിലെ ഇസ്രേയൽ രാഷ്ട്രത്തെ ആദ്യമംഗീകരിച്ച് അവരുടെ ദേശീയതയ്ക്കായി വാദിച്ച പരം‌പൂജനീയ ഗുരുജി മാധവസദാശിവ ഗോൾവൽക്കർ സർവ അനുഗ്രഹങ്ങളും തന്റെ മാനസപുത്രന്മാരിലൊരാളായ ഈ മുഖ്യസേവകനു നൽകുന്നുണ്ടാവും.

ഷലോം നമസ്തേ.

Close