തളിർ; കർഷകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണയിലിറക്കും

വയനാട്: സംസ്ഥാനത്തെ കർഷകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കുന്ന പദ്ധതിയുമായി വെജിറ്റബിൽ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കേരള. കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങൾ തളിർ എന്ന പേരിലാണ് വിപണിയിലിറക്കുന്നത്.

കാലാവസ്ഥ വ്യതിയാനവും രോഗബാധയും കാരണം കാർഷിക ഉത്പന്നങ്ങൾ നശിക്കുന്നത് പതിവായിരുന്നു. കൃഷികൾക്ക് നഷ്ടം സംഭവിക്കുന്നത് കർഷകരെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്നും കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് വെജിറ്റബൽ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കേരളയുടെ പുതിയ ഇടപെടൽ.

കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങൾ തളിർ എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് വിപണിയിലിറക്കുന്നത്. സംസ്ഥാനത്തെ ആദ്യ വിപണ കേന്ദ്രം 19 ന് കൊട്ടാരക്കരയിൽ ആരംഭിക്കും.

കൃഷി രീതിയിലും വിളവെടുപ്പിലും വിപണനത്തിലും ഇപ്പോൾ സ്വീകരിക്കുന്ന രിതിക്ക് മാറ്റം വരുത്തുകയാണ് ആദ്യപടി. ഇതിനായി കർഷകർക്ക് പരിശീലന ക്ലാസുകളും നൽകുന്നുണ്ട്. വിളവെടുപ്പിന് ശേഷം കമ്മനയിലെ പായ്ക്ക് ഹൗസിലെത്തിക്കുന്ന ഉത്പന്നങ്ങൾ ആധുനിക രീതിയിൽ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കും.

ഒരോ ജില്ലകളിൽ നിന്നും ഉത്പാദനം കുടുതലായി നടക്കുന്ന ഉത്പന്നങ്ങളാണ് ശേഖരിക്കുക. നിലവിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് വിപണി സൗകര്യം ലഭിക്കുന്നുണ്ട്. കാർഷിക ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറങ്ങുന്നതോടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുകയും അതുവഴി ഇടനിലക്കാരുടെ ചുഷണങ്ങളിൽ നിന്നും കർഷകർക്ക് രക്ഷപ്പെടാനും കഴിയും.

Shares 369
Close