ശ്രീനഗർ : സംസ്ഥാനത്തെ ജനങ്ങൾക്ക് വൈദ്യുതി സൗജന്യമായി ലഭ്യമാക്കാനൊരുങ്ങി ജമ്മുകശ്മീർ സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഭാഗ്യ പദ്ധതിയിലൂടെയാണ് ജമ്മുകശ്മീർ ലക്ഷ്യം നടപ്പിലാക്കൻ ഒരുങ്ങുന്നത്.
2018ൽ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ച പദ്ധതിയാണ് സൗഭാഗ്യ പദ്ധതി. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വൈദ്യുതി സൗജന്യമായെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനാണ് ജമ്മു കശ്മീരിലും തുടക്കം കുറിക്കുന്നത്.
ജമ്മുകശ്മീർ ഗവൺമെന്റിന്റെ സൗഭാഗ്യ പദ്ധതി ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് ഉദ്ഘാടനം ചെയ്തു. 2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സെൻസെസ് പ്രകാരം കണ്ടെത്തുന്ന പാവപ്പെട്ട ജനങ്ങൾക്കാണ് വൈദ്യുതി ലഭ്യമാക്കുന്നത്. സ്പോട്ട് രജിസ്ട്രേഷൻ വഴിയാകും അപേക്ഷ സ്വീകരിക്കുക.
പദ്ധതിയുടെ ഗുണഫലം കൃത്യമായി ജനങ്ങളിൽ എത്തുന്നതിനും ഗുണഭോക്താക്കളെ സുതാര്യമായ രീതിയിൽ കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥർ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുത മേഖലയുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും, വർദ്ധനവിനുമായി ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.