ശ്രീനഗര്‍: ബിജെപി പ്രവര്‍ത്തകരെ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയ്ക്ക് കൈമാറുമെന്ന് കശ്മീര്‍ എംഎല്‍എയുടെ ഭീഷണി. കശ്മീരിലെ സ്വതന്ത്ര എംഎല്‍എ അബ്ദുള്‍ റാഷിദ് എന്‍ജിനീയര്‍ ആണ് ഭീഷണി മുഴക്കിയത്. റാഷിദിനെതിരേ കേസെടുക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
പുല്‍വാമയില്‍ തീവ്രവാദികളും ഇന്ത്യന്‍ സുരക്ഷാ സേനയും തമ്മിലുളള വെടിവെയ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റാഷിദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ മുദ്രാവാക്യം വിളിച്ച റാഷിദിനും അനുയായികള്‍ക്കുമെതിരേ ബിജെപി പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴായിരുന്നു അബ്ദുള്‍ റാഷിദിന്റെ ഭീഷണി.
എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ ലഷ്കര്‍ ഇ തോയിബ എന്നല്ല ഉദ്ദേശിച്ചതെന്നും ഉറുദുവില്‍ ലഷ്കര്‍ എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് അബ്ദുള്‍ റാഷിദ് രംഗത്തെത്തി. ലഷ്കര്‍ ഇ തോയിബയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അബ്ദുള്‍ റാഷിദ് പറഞ്ഞു. അതേസമയം റാഷിദിനെതിരേ കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കശ്മീരിലെ ബിജെപി നേതൃത്വം.