ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ശബരിമല നിശ്ചലദൃശ്യമാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു.
ഡിജിറ്റല്‍ കേരള, ഫ്രൂട്ട്‌സ് ഓഫ് കേരള, പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല എന്നീ നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനം നിര്‍ദ്ദേശിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വിദഗ്ധസമിതി ശബരിമലയുടെ പ്ലോട്ട് അംഗീകരിച്ചു. അയ്യപ്പ വിഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള ശബരിമലക്ഷേത്രമാണ് അംഗീകരിക്കപ്പെട്ടത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹരിഹരന്‍ ബാലഗോപാല്‍ എന്ന വ്യക്തിയുടേതായിരുന്നു നിശ്ചലദൃശ്യത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സ്ത്രീ വിരുദ്ധവും മതേതര വിരുദ്ധവും ആണെന്ന് കാട്ടി ഇതിന് ശേഷം പ്രതിരോധമന്ത്രാലയത്തിന് സംസ്ഥാനത്ത് നിന്നും ഏതാനും പരാതികള്‍ ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ചില പരാതികള്‍.
നിശ്ചല ദ്യശ്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാരുകളോട് രേഖാമൂലമായി മറുപടി തേടണം എന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതിരോധ വകുപ്പിന്റെ ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധമന്ത്രാലയം സംസ്ഥാനത്തോട് വിശദികരണം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പരാമര്‍ശം സംബന്ധിച്ചും പ്രതിരോധമന്ത്രാലയം വ്യക്തത തേടിയിരുന്നു. എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അവസാനം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയോട് നിശ്ചല ദ്യശ്യത്തിന്റെ മാത്യക ഹാജരാക്കി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. ഇതിന് ശേഷം സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും വിഷയത്തില്‍ സംസ്ഥാനം വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരും ഉദ്യമത്തില്‍ നിന്ന് പിന്‍മാറി. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുകയെന്നത് ഏത് സംസ്ഥാനത്തിനും അഭിമാനകരമാണ്. കേരളവും മുന്‍പ് പലപ്പോഴും ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇക്കുറി സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ അലംഭാവം കാട്ടുകയായിരുന്നുവെന്ന് വേണം മനസിലാക്കാന്‍.