ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന മുഖങ്ങളാണ് ഓരോ കായിക താരവും. അതേ താരങ്ങൾ അണിനിരക്കുന്ന ദേശീയ ഗാനമോ?.സച്ചിനും ഗവാസ്കറും, സാനിയ മിർസയുമടക്കം കായിക ഭാരതത്തിലെ അഭിമാന താരങ്ങൾ അണിനിരക്കുന്ന ദേശീയ ഗാനാലാപനം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു..
കായിക ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒരുപിടിതാരങ്ങൾ. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന രാജ്യത്തിന് പ്രണാമങ്ങളർപ്പിച്ച് ഇവർ ആലപിച്ച ദേശീയഗാനമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിൽ സഹപാഠികൾക്കൊപ്പം കളിച്ചുവളരുന്ന ഓരോ താരവും രാജ്യത്തിന്റെ യശസ്സുയർത്തി ലോകോത്തര നിരയിലേക്ക് വളരുന്നതിന്റെ ഓർമപ്പെടുത്തലുമുണ്ട് ഈ വീഡീയോയുടെ ആമുഖ ദൃശ്യത്തിൽ.
വിജയപതാകയുമായി മൈതാനങ്ങൾ കീഴടക്കിയ സച്ചിൻ ടെൻഡുൽക്കറിനും, സുനിൽ ഗവാസ്കറിനും, സാനിയ മിർസയ്ക്കുമൊപ്പം ഹോക്കി ഇതിഹാസ താരം ധൻരാജ് പിള്ളയും, ബൈചുഗ് ഭൂട്ടിയയും, ഷൂട്ടിംഗ് താരം ഗഗൻ നരാങും, ടെന്നീസ് താരം മഹേഷ് ഭൂപതിയും, ഗുസ്തി താരം സുശീൽ കുമാറും ഒക്കെ ദേശീയഗാനം ആലപിക്കുന്നുണ്ട്.ഇന്ത്യയുടെ കായിക സമ്പത്തിന്റെ പ്രസക്തി ഗാനത്തിന് പശ്ചാത്തലമാകുന്നു.