കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.90 കോടി രൂപ കൈക്കൂലി നല്‍കിയതായി കേസിലെ മുഖ്യപ്രതി സരിത. എസ് നായര്‍. കൊച്ചിയില്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. 1.10 കോടി രൂപ ഡല്‍ഹിയില്‍ ചാന്ദ്‌നി ചൗക്കില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശവും ബാക്കി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ വെച്ചുമാണ് കൈമാറിയതെന്നും സരിത പറഞ്ഞു. വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിനും പണം കൈമാറിയതായി സരിത കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി.
ജിക്കുമോന്‍ ആണ് തോമസ് കുരുവിളയുടെ നമ്പര്‍ തന്നത്. 2012 ഡിസംബര്‍ 27 ന് ചാന്ദ്‌നി ചൗക്കില്‍ കാറില്‍ വെച്ചാണ് തോമസ് കുരുവിളയ്‌ക്ക് പണം നല്‍കിയത്. അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുന്‍പ് രണ്ടാമത്തെ ഗഢുവും കൈമാറിയതായി സരിത പറഞ്ഞു. മെഗാ പവര്‍ പ്രൊജക്ടിനായി വാങ്ങിയ പണമാണ് തോമസ് കുരുവിളയ്‌ക്ക് കൈമാറിയത്. ലൈസന്‍സുകള്‍ മുഖ്യമന്ത്രി ശരിയാക്കി തരുമെന്ന് ജിക്കുമോന്‍ ഉറപ്പ് നല്‍കിയിരുന്നു. സാമ്പത്തിക ഇടപാട് ജോപ്പനോട് പോലും പറയരുതെന്നായിരുന്നു ജിക്കുമോന്റെ നിര്‍ദ്ദേശമെന്നും സരിത പറയുന്നു. മുഖ്യമന്ത്രിക്ക് ഏഴ് കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് ജിക്കുമോന്‍ പറഞ്ഞത്.
ഗണേശ്കുമാറിന്റെ പിഎ ആണ് മുഖ്യമന്ത്രിയുമായി അപ്പോയിന്റ്‌മെന്റ് ശരിയാക്കി തന്നത്. മുഖ്യമന്ത്രിയുമായി പല തവണ നേരിട്ടും ഫോണിലും സംസാരിച്ചിട്ടുണ്ടെന്നും തന്നെ നേരിട്ട് സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സരിത മൊഴിയില്‍ പറയുന്നു. ബിജുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഓഫീസിലെ സ്വകാര്യ ലാന്‍ഡ് ലൈന്‍ ഫോണില്‍ വിളിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായി സരിത പറഞ്ഞു.
മന്‍മോഹന്‍ ബംഗ്ലാവിലെത്തിയാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത്. ആര്യാടന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് കേശവന്‍ വഴിയാണ് മന്ത്രിയുമായി ബന്ധപ്പെടുന്നത്. മന്ത്രിക്ക് പണം നല്‍കിയാല്‍ കാര്യം നടക്കുമെന്ന് കേശവന്‍ തന്നെ അറിയിക്കുകയായിരുന്നു. രണ്ട് കോടി രൂപയാണ് കേശവന്‍ ആവശ്യപ്പെട്ടത്. വിലപേശല്‍ നടത്തിയ ശേഷം ആദ്യം 25 ലക്ഷം രൂപയും പിന്നീട് 15 ലക്ഷം രൂപയും നല്‍കിയെന്നും സരിത മൊഴിയില്‍ പറയുന്നു.
അതേസമയം സരിതയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ആര്യാടന്റെ പിഎ കേശവന്‍ പറഞ്ഞു. സരിതയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.