കൊല്ലം: കോടതി വിധികളെ വിമര്‍ശിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി. കമാൽ പാഷ. ജനങ്ങള്‍ മാദ്ധ്യമങ്ങളോടൊപ്പമാണ്. ജനങ്ങള്‍ കൂടുന്ന എവിടെയും കോടതി വിധികളെ വിമര്‍ശിക്കാം. സുപ്രീംകോടതി വിധിയെ പോലും വിമര്‍ശിക്കാനുള്ള അവകാശം മാദ്ധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമ പരിജ്ഞാനം ഉള്ളവരെ വിളിച്ചിരുത്തി വേണം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്താനെന്നും ജസ്റ്റിസ് കമാൽ പാഷ കൂട്ടിച്ചേര്‍ത്തു.
കേരള ലോ സ്റ്റുഡന്റ് ഫെഡറേഷൻ ഏർപ്പെടുത്തിയ പുരസ്കാരം അഡ്വ. ഇ. ഷാനവാസ് ഖാന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധികളെ വിമര്‍ശന വിധേയമാക്കണം. എങ്കില്‍ മാത്രമേ നല്ല വിധികള്‍ ഉണ്ടാകൂ. വിമര്‍ശനങ്ങള്‍ വിധിയെ ശക്തിപ്പെടുത്തും. ഇപ്പോള്‍ നല്ല വിധികള്‍ ഉണ്ടാകാത്തത് ഗൗരവമേറിയ വാദങ്ങള്‍ നടക്കാത്തതിനാലാണെന്നും ജസ്റ്റിസ് പറഞ്ഞു.