കണ്ണൂര്‍: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഭരണസ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ സിപിഎം ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഭരണസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നുവെന്ന പേരില്‍ ഇരുവരെയും ജാമ്യവ്യവസ്ഥയില്‍ ഇളവ് വാങ്ങി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാന് വിസമ്മതിച്ചതോടെ ഇത് പാളുകയായിരുന്നു. തുടര്‍ന്നാണ് തലശ്ശേരി നഗരസഭ ചെയര്മാന് സ്ഥാനത്ത് നിന്ന് കാരായി ചന്ദ്രശേഖരനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കാരായി രാജനെയും മാറ്റാന്‍ സിപിഎം നിര്‍ബന്ധിതമായത്. കാരായി രാജന് പകരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി.സുമേഷിനെയും ചന്ദ്രശേഖരനു പകരം സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം സി.കെ രമേശനെയും അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ഇരുവര്‍ക്കും സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഈ കേസ് നിലനില്‍ക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും ഉയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് സിപിഎം ഔദ്യോഗികപക്ഷം ഇരുവരെയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച ഇരുവരെയും തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് കൊണ്ടുവരികയും ഇതിന്റെ മറവില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വാങ്ങിയെടുക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധിയോടെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണച്ചുമതലയില്‍ എത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഇവരെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് ദുര്‍ബ്ബലപ്പെടുത്താനും ശ്രമിക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. ഇരുവരുടെയും അസാന്നിദ്ധ്യം ഈ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണപരമായ നിരവധി പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇരുവരെയും മാറ്റാന്‍ സിപിഎം ആലോചിക്കുന്നത്.
കൊലക്കേസ് പ്രതികളായവരെ സ്ഥാനാര്‍ത്ഥികളാക്കുകയും അവര്‍ക്ക് അദ്ധ്യക്ഷ പദവി നല്‍കുകയും ചെയ്ത പാര്‍ട്ടിക്കുള്ളിലെ ഔദ്യോഗിക ലോബിയുടെ തീരുമാനത്തിനെതിരേ രംഗത്ത് വന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം ജില്ലാ സെക്രട്ടറിയേറ്റിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുമെന്നാണ് സൂചന. കണ്ണൂര്‍ ലോബി കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രതിഛായ ഇല്ലാതാക്കുന്നതായും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.