ദുബായ്: അര്‍ദ്ധരാത്രി ദുബായിയില്‍ വാഹാനപകടത്തില്‍പ്പെട്ട് റോഡരികില്‍ വീണുകിടന്ന മലയാളിയുവാവിന് രക്ഷയായത് ജനപ്രിയ നടന് ദിലീപ്. ഇന്നലെ ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ് കഫ്റ്റീരിയയിലെ വിതരണക്കാരന് വടകര പള്ളിത്തായ സ്വദേശി ജാസിറാ(23)ണ് അപകടത്തില്‍പ്പെട്ടത്.
ജാസിര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്കില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. കാല് ബൈക്കിനടിയില്പ്പെട്ടതിനാല് ജാസിറിന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല. മൂന്നു വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോയി. അതിനുശേഷമാണ് നടന് ദിലീപും സുഹൃത്ത് നസീറും ഇതുവഴിയെത്തിയത്.
ദിലീപും നസീറും ചേര്‍ന്ന് ജാസിറിനെ പിടിച്ചെണീല്‍പ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പൊലീസിനെ വിളിച്ചതും ദിലീപ് തന്നെയായിരുന്നു. എഴുന്നേറ്റുകഴിഞ്ഞതിനുശേഷമാണ് തന്നെ എഴുന്നേല്പ്പിച്ചയാളുടെ മുഖം കണ്ടതെന്നും ഏറെ ബഹുമാനിക്കുന്ന നടനെ മുന്നില്‍ക്കണ്ടപ്പോള്‍ പരിക്കിന്റെ വേദന പകുതി മാറിയെന്നും ജാസിര്‍ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദിലീപ് ദുബായിലെത്തിയത്.