മുംബൈ : ടാറ്റ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഇന്ത്യൻ റോബോട്ട് രണ്ടു മാസത്തിനകം പുറത്തിറങ്ങും . ടാറ്റ ബ്രാബൊ എന്നാണ് റോബോട്ടിന്റെ പേര്.മുംബൈയിൽ നടക്കുന്ന മേക്ക് ഇൻ ഇന്ത്യ വീക്കിലാണ് റോബോട്ട് അവതരിക്കപ്പെട്ടത്. ആറ് എഞ്ചിനീയർമാരുടെ കഠിനാദ്ധ്വാനമാണ് ബ്രാബോയായി പുറത്ത് വന്നിരിക്കുന്നത് . പത്ത് കോടിയായിരുന്നു നിർമ്മാണ ചെലവ് .
രൂപരേഖയും നിർമ്മാണവുമെല്ലാം നടന്നത് പൂർണമായും ഇന്ത്യയിലെ ടാറ്റ സാങ്കേതിക ശാലകളിലാണ് . ഭീമൻ കമ്പനികൾക്ക് പകരം ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കു വേണ്ടിയായിരിക്കും ഈ റോബോട്ടിന്റെ ഉത്പാദനം.ഒരു വർഷം ഭാരതത്തിൽ ആയിരത്തോളം റോബോട്ടുകളുടെ ആവശ്യമുണ്ടെന്നാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്സിന്റെ കണക്ക് . ഇത് വരും വർഷങ്ങളിൽ അയ്യായിരമായി ഉയർന്നേക്കാം എന്നും നിരീക്ഷണങ്ങളുണ്ട് .
പാനാസോണിക് , യൂണിവേഴ്സൽ തുടങ്ങിയ കമ്പനികളും ഈ മേഖലയിലുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതിന്റെ സാമ്പത്തികപരമായ മുൻ തൂക്കം ടാറ്റയ്ക്ക് ലഭിക്കും . ഇത് റോബോട്ടിക്സ് മേഖലയിൽ കമ്പനിയുടെ സ്വാധീനം ഉറപ്പിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ