ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നേട്ടം കൊയ്യുമെന്ന് ഭാരത് ധര്‍മ ജന സേന. കഴിഞ്ഞ 60 വര്‍ഷം കേരളം ഭരിച്ച ഇടതു -വലതു മുന്നണികളിലൂടെ കേരളത്തിന്റെ വികസനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും ബിഡിജെഎസ് സംസ്ഥാനസമിതിയോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
ബിഡിജെഎസ് പിന്തുണയില്ലാതെ തന്നെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വ്യക്തമായ മന്നേറ്റം കൈവരിച്ചു. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും തുഷാര്‍ പറഞ്ഞു. ബിജെപിയുമായി ബിഡിജെഎസിന് ഒരു അയിത്തവുമില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി അംഗത്വ വിതരണം പൂര്‍ത്തിയായ ശേഷമേ ഏത് മുന്നണിയില്‍ ചേരണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു. നിലവില്‍ പാര്‍ട്ടിക്ക് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. വരുന്ന പതിനഞ്ചോടെ വാര്‍ഡ് കമ്മറ്റികള്‍ മുതല്‍ മണ്ഡലം കമ്മറ്റികള്‍ വരെയുള്ളവയുടെ രൂപീകരണം പൂര്‍ത്തിയാകും. അതിന് ശേഷം മുന്നണി പ്രവേശം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
വെള്ളാപള്ളി നടേശനുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച ബിഡിജെഎസുമായുള്ള ചര്‍ച്ചയായി കാണേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രതികരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണമായാണ് കാണേണ്ടതെന്നും തുഷാര്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്റെ നിലപാടുകളെയും തുഷാര്‍ വിമര്‍ശിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകള്‍ക്കായി ബിഡിജെഎസിനെ സമീപിക്കുന്നുണ്ടെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി ബാബു പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് വന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട അവരെ ബലിയാടാക്കാനില്ലെന്നും പല തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും ടി.വി ബാബു പറഞ്ഞു.