പാസ്പോർട്ട് പുതുക്കാനുള്ള പ്രവാസികള്‍ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ ടി.പി സീതാറാം. പാസ്പോർട്ടിന്റെ കാലാവധി തീരാൻ ഒരു വർഷമെങ്കിലും ബാക്കിയുള്ളപ്പോൾ എംബസിയുമായി ബന്ധപ്പെട്ടാൽ പാസ്പോർട്ട് പുതുക്കലിൽ കാലതാമസം നേരിടുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും അംബാസിഡർ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ പോകുന്നവരുടെ പാസ്പോർട്ട് കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്ന നിയമമുണ്ട്. പലരും പാസ്പോർട്ട് കാലാവധി തീരാൻ മൂന്ന് മാസം മാത്രം ബാക്കിയുണ്ടാവുമ്പോഴാണ് പുതുക്കാൻ നല്കുന്നത്. ചില പേരുകളിലെ പ്രശ്നം കാരണമാണ് പാസ്പോർട്ട് പുതുക്കി നല്കാൻ വൈകുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് അവ പരിശോധിച്ച് പുതിയത് നൽകാനുള്ള സാവകാശം ലഭിക്കണമെങ്കിൽ ഒരു വർഷം മുൻപെങ്കിലും പുതുക്കാൻ നല്കുന്നതാണ് ഉചിതമെന്ന് ടി.പി സീതാറാം പറഞ്ഞു.
കമ്പനികളിൽ നിന്ന് പാസ്പോർട്ട് വിട്ടുകിട്ടാത്ത സാഹചര്യമുണ്ടെങ്കിൽ എംബസിയുമായി ബന്ധപ്പെട്ടാൽ മതിയെന്നും അംബാസിഡർ പറഞ്ഞു. പുതുക്കാനുള്ള പാസ്പോർട്ട് കമ്പനികളിൽ നിന്നും എളുപ്പത്തിൽ ലഭ്യമാക്കാൻ എംബസിക്ക് അധികാരമുണ്ട്. 2015 ഡിസംബർ മാസം മാത്രം 17,000 പാസ്പോർട്ട് ഇന്ത്യൻ എംബസി മുഖേനെ പുതുക്കി നൽകിയിട്ടുണ്ട്. ഇതിൽ വളരെ കുറച്ചെണ്ണത്തിൽ മാത്രമാണ് പരാതി വന്നിട്ടുള്ളതെന്നും അംബാസിഡർ പറഞ്ഞു.