ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനുളള അനുമതി തേടി ഡല്‍ഹി പൊലീസ് കോടതിയെ സമീപിക്കും. നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യത്തോട് ശശി തരൂര്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നീക്കം.
തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതോടെ കേസിലെ അന്വേഷണം അവസാനിപ്പിക്കാനാകുമെന്നാണ് ഡല്‍ഹി പോലിസിന്റെ നിഗമനം. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും തരൂര്‍ നല്‍കിയിട്ടില്ല. അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് തരൂര്‍ സ്വീകരി്ക്കുന്നതെന്നാണ് ഡല്‍ഹി പോലിസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്. ബുധനാഴ്ചയ്ക്കകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ അപേക്ഷ നല്‍കും.
അന്വേഷണ ഉദ്യോഗസ്ഥനായ വികെപിഎസ് യാദവ് ആണ് കോടതിയെ സമീപിയ്ക്കുക. കേസിലെ മുഖ്യസാക്ഷികള് ഉള്‍പ്പെടെ ആറ് പേരെ നേരത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ രണ്ടാഴ്ച മുന്‍പ് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം കേസില്‍ അന്വേഷണം നടത്തിയ ഡല്‍ഹി പോലിസിന്റെ സാമ്പത്തിക അന്വേഷണ വിഭാഗത്തിന് ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഇന്നലെ ഡല്‍ഹി പൊലിസ് കമ്മീഷണര്‍ ബി.എസ് ബസിയുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തലവന് അസിസ്റ്റന്റ് കമ്മിഷണര്‍ സതിഷ് ഗോള്‍ച്ച ലഭിച്ച വിവരങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു.