ഹെര്‍ത്ത്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം വന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹയാണ് വിവരം പുറത്തുവിട്ടത്. അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കൊണ്ട് കോണ്‍സുലേറ്റ് കെട്ടിടത്തില്‍ വന്‍ സ്ഫോടനത്തിനാണ് അജ്ഞാതര്‍ പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മാസര്‍-ഇ-ഷെരീഫ് പട്ടണത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണ ശ്രമം നടക്കുന്നുണ്ട്.
ഈ ആഴ്ച ആദ്യം രണ്ട് ഭീകരര്‍ കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറി ആക്രമണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. ഇരുപതു മിനിട്ടോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവില്‍ കോണ്‍സുലേറ്റില്‍ കടക്കുന്നതിനു മുന്‍പ് തന്നെ സേന ഭീകരരെ വധിച്ചു. പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്ന സമയത്ത് തന്നെയാണ് അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണ ശ്രമം ഉണ്ടായത്.