മാവേലിക്കര: ആര്‍.എസ്.എസ് ചാരുമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന നെടിയത്ത് ജി ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 30,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.
വെട്ടിയാര്‍ കോട്ടയ്‌ക്കകത്ത് ഓമനക്കുട്ടന്‍, റോബിന്‍വില്ലയില്‍ റോഷന്‍, സഹോദരന്‍ റോബിന്‍, കോട്ടയ്‌ക്കകത്ത് പ്രദീപ്, സഹോദരന്‍ പ്രവീണ്‍, മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍, നെടുങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ആയുധം കൈവശം വെയ്‌ക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
2007 ഏപ്രില്‍ 20 നാണ് ചന്ദ്രന്‍ കൊല്ലപ്പെട്ടത്. വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷന് സമീപം രാത്രിയില്‍ ചന്ദ്രനെ വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു. വെട്ടിയാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം അക്രമം നടത്തുന്നത് അറിഞ്ഞാണ് താലൂക് കാര്യവാഹ് ആയിരുന്ന ചന്ദ്രന്‍ സ്ഥലത്ത് എത്തിയത്. ആക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി ചന്ദ്രനെ മര്‍ദ്ദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വിട്ടില്ല. മാരകമായ 21 മുറിവുകളായിരുന്നു ചന്ദ്രന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
ഇടത് ഭരണകാലത്ത് നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ തേയ്ച്ചുമായ്ച്ച് കളയാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും സാക്ഷിമൊഴികള്‍ നിര്‍ണായകമാകുകയായിരുന്നു. 18 സാക്ഷികളെയാണ് വിസ്തരിച്ചത്.